
തുടർച്ചയായ ഏഴാം തവണയും നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്
കൊച്ചി: മെരുങ്ങാത്ത നാണയപ്പെരുപ്പവും സാമ്പത്തിക മേഖലയിലെ ഉണർവും കണക്കിലെടുത്ത് തുടർച്ചയായ ഏഴാം തവണയും റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല. ഇതോടെ റിസർവ് ബാങ്കിൽ നിന്ന് വാണിജ്യ ബാങ്കുകൾ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ 6.5 ശതമാനത്തിൽ തുടരും. മൂന്ന് ദിവസത്തെ ധന അവലോകന യോഗത്തിൽ ഭൂരിപക്ഷം അംഗങ്ങളും പലിശ നിരക്കിൽ മാറ്റം വരുത്തേണ്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തിക വളർച്ച എട്ടു ശതമാനത്തിന് അടുത്ത് തുടരുന്നതിനാൽ വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് പറഞ്ഞു.
നടപ്പു സാമ്പത്തികവർഷം രാജ്യത്തെ വളർച്ച നിരക്ക് ഏഴ് ശതമാനമാകുമെന്നാണ് റിസർവ് ബാങ്ക് വിലയിരുത്തൽ. ഗ്രാമീണ ഉപഭോഗത്തിലെ ഉണർവും തൊഴിൽ അവസരങ്ങളിലെ വർദ്ധനയും ഉത്പാദന രംഗത്തെ കുതിപ്പും രാജ്യത്തെ ഉപഭോക്താക്കളുടെ വാങ്ങൽ ശേഷി ഉയർത്തുകയാണെന്നും റിസർവ് ബാങ്ക് ഗവർണർ പറഞ്ഞു.
അപകടകരമായി മുറിയിൽ നിന്നിരുന്ന നാണയപ്പെരുപ്പമെന്ന ആന ഇപ്പോൾ പുറത്തേക്ക് ഇറങ്ങി കാട്ടിലേക്ക് നടക്കുകയാണെന്ന് ദാസ് ആലങ്കാരികമായി പറഞ്ഞു. നാണയപ്പെരുപ്പം നാല് ശതമാനത്തിൽ താഴെയെത്തിക്കാനാണ് ലക്ഷ്യം. ഉപഭോക്തൃവില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം ജനുവരി-ഫെബ്രുവരി കാലയളവിൽ 5.1 ശതമാനമായി താഴ്ന്നിരുന്നു. അതേസമയം ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം റിസർവ് ബാങ്കിന് ആശങ്ക സൃഷ്ടിക്കുന്നു.
വായ്പകളുടെ പലിശ ഉടൻ കുറയില്ല
റിപ്പോ നിരക്കുകളിൽ മാറ്റമില്ലാത്തതിനാൽ വാണിജ്യ ബാങ്കുകൾ ഭവന, വാഹന, കോർപ്പറേറ്റ് വായ്പകളുടെ പലിശ സെപ്തംബറിന് മുൻപ് കുറയ്ക്കാൻ ഇടയില്ല. നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയെത്താതെ പലിശ കുറയ്ക്കുന്നതിനെ കുറിച്ച് ആലോചിക്കില്ലെന്നാണ് റിസർവ് ബാങ്ക് ഇന്നലെ വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ രാഷ്ട്രീയ സംഘർഷങ്ങൾ രൂക്ഷമാകുന്നതിനാൽ എണ്ണ വില മുകളിലേക്ക് നീങ്ങുമെന്ന ആശങ്കയും റിസർവ് ബാങ്കിനുണ്ട്.