തൊടുപുഴ: കഞ്ചാവ് കടത്തികൊണ്ട് വന്ന കേസിൽ പ്രതികൾക്ക് കഠിന തടവും പിഴയും ശിക്ഷ. ദേവികുളം പടിക്കാപ്പ് കരയിൽ രമേഷ് നിവാസ് വീട്ടിൽ എം. അജിത്ത് (29), ദേവികുളം ഇരുമ്പുപാലം കരയിൽ കൊല്ലമാവുകുടിയിൽ വീട്ടിൽ കെ.ആർ. രാഹുൽ (29) എന്നിവരെയാണ് മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടയ്ക്കുന്നതിനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനും തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് കെ.എൻ. ഹരികുമാർ ശിക്ഷ വിധിച്ചു.
2018 ഏപ്രിൽ മാസം 28 നാണ് കേസിനാസ്പദമായ സംഭവം. ഇരുവരും കൂടി 1.115 കിലോ ഗ്രാം കഞ്ചാവ് കടത്തി കൊണ്ടുവന്നുവെന്നാണ് കേസ്. കുമളി ചെക്പോസ്റ്റ് എക്സൈസ് ഇൻസ്പെക്ടർ കലാമുദീൻ. എസ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേസ്) കെ.യു. സണ്ണി, പ്രിവന്റീവ് ഓഫീസർ ബെന്നി ജോസഫ്, സിവിൽ എക്സൈസ് ഓഫീസർമാരായ മാഹിൻ സലീം, ജോസ്. പി, ബിജുമോൻ പി.കെ, ജോസി വർഗീസ്, കെ.എൻ. അനിൽ എന്നിവർ ചേർന്ന് കണ്ടുപിടിച്ച കേസാണിത്. കേസിൽ പീരുമേട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറായിരുന്ന എം.എൻ. ശിവപ്രസാദ് അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി. എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.