crime

ആലത്തൂർ: കാവശ്ശേരി പൂരം ദിവസം പൂട്ടിയിട്ട വീട്ടിൽ മോഷണം നടത്തിയ പ്രതിയെ ആലത്തൂർ പൊലീസ് പിടികൂടി. തൃശൂർ അമ്പലപ്പുര മണലൂർ മനക്കപ്പറമ്പിൽ ശ്രീകാന്ത് (32) ആണ് പിടിയിലായത്. മോഷണത്തിനു ശേഷം മുങ്ങിയ പ്രതിയെ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കഴിഞ്ഞ ദിവസം പിടികൂടുകയായിരുന്നു.

മാർച്ച് 23നാണ് മോഷണം നടന്നത്. കാവശ്ശേരി ഗ്രാമത്തിൽ ഓട്ടുപുര വീട്ടിൽ സീതാരാമന്റെ വീട്ടിലാണ് ആറുമണിക്കുള്ളിൽ മോഷണം നടന്നത്. വീട്ടുകാർ വീടുപൂട്ടി കാവശ്ശേരി പൂരാഘോഷത്തിന് പോയി തിരികെ വന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത്. പുറത്തെ ഗ്രിൽ ഡോറിന് സമീപത്തു വച്ചിരുന്ന താക്കോലെടുത്ത് തുറന്നശേഷം മറ്റു ഡോറുകൾ പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. മൂന്നു ലക്ഷത്തിലധികം രൂപയോളം വില വരുന്ന സ്വർണാഭരണങ്ങളും പണവുമാണ് കവർന്നത്. പൊലീസ് സി.സി.ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.

പരാതിയിൽ ഉന്നയിച്ച ഒരു വസ്തുവിൽ നിന്നാണ് നിർണായകമായ സൂചന ലഭിക്കുന്നത്. പിന്നീട് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി ഭാഗത്തെ പ്രതിയുടെ വീട്ടിലെത്തിയെങ്കിലും പ്രതിയുടെ വീട് പൂട്ടിയിരുന്നു. കോടതി അനുമതിയോടെ ഡോർ പൊളിച്ച് നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട ആഭരണങ്ങളും പണവും കൂടാതെ പരാതിക്കാർ വിട്ടുപോയ പല സാധനങ്ങളും മൊബൈൽ ഫോണുകളുമടക്കം ഇവിടെ നിന്ന് കണ്ടെടുത്തു.

പിന്നീട് പ്രതിയുടെ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ മുംബൈയിൽ നിന്ന് തിരിച്ചുള്ള യാത്രയിൽ ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് പ്രതിയെ പിടിക്കുകയായിരുന്നു.

ഇയാൾ മറ്റു പല മോഷണം കേസിലും പ്രതിയാണോ എന്ന കാര്യം പോലീസ് അന്വേഷിച്ചുവരികയാണ്.

ആലത്തൂർ ഡിവൈ.എസ്.പി വിശ്വനാഥൻ, സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി പ്രവീൺ, ആലത്തൂർ സർക്കിൾ ഇൻസ്‌പെക്ടർ ഉണ്ണികൃഷ്ണൻ, സബ് ഇൻസ്‌പെക്ടർ നൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, ദിലീപ്, രാജീവ്, സനു, സുഭാഷ്, ഹക്കീം, നസീർ, രാമദാസ്, ലിധീഷ് എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ആലത്തൂർ കോടതി പ്രതിയെ റിമാൻഡ് ചെയ്തു