
ഇന്നത്തെ തലമുറയുടെ വിവാഹസങ്കൽപ്പങ്ങൾ വേറിട്ടതാണ്. വിവാഹവേദികളിലായാലും അതിന് മുൻപുളള ചടങ്ങുകളിലായാലും വ്യത്യസ്ത ആശയങ്ങൾ അവതരിപ്പിക്കാൻ പലരും ശ്രമിക്കാറുണ്ട്. ഇവരെ സഹായിക്കുന്നതിനായി നിരവധി ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. കേരളം ഉൾപ്പടെ ഏത് സംസ്ഥാനങ്ങളിലായാലും വിവാഹം കൂടുതൽ രസകരമാക്കാൻ വധുവിന്റെയും വരന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ശ്രമിക്കാറുണ്ട്.

വിവാഹം കഴിഞ്ഞ് വധു വരനോടൊപ്പം ഭർതൃഗൃഹത്തിൽ പോകുന്ന ചടങ്ങുകൾക്കും കൂടുതൽ ഭംഗിവരുത്താൻ പലരും ശ്രമിക്കാറുണ്ട്. സാധാരണയായി കണ്ടുവരാറുളളത് അലങ്കരിച്ച കാറിൽ വരനും വധുവും പോകുന്നതാണ്. അത്തരത്തിലുളള ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. വൈറലായ വീഡിയോയിൽ വരനും വധുവും സഞ്ചരിക്കുന്നത് കാളവണ്ടിയിലാണ്. അലങ്കരിച്ച കാളവണ്ടിയിൽ നിൽക്കുന്ന വരനെയും ഇരിക്കുന്ന വധുവിനെയും കാണാൻ സാധിക്കും. റോഡിലൂടെ ബന്ധുക്കളും സുഹൃത്തുക്കളും പാട്ടും നൃത്തവുമായാണ് ഇരുവരെയും കൊണ്ടുപോകുന്നത്. സംഭവം എവിടെ നടന്നതാണെന്ന് കൃത്യമായ വിവരമില്ല.'ആകാശ് മസൂം ലഡ്ക്ക' എന്ന ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോക്ക് ഇതുവരെ 10,000ൽപരം ലൈക്കുകളും മികച്ച പ്രതികരണങ്ങളുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസവും സമാനമായ സംഭവം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. വിവാഹവേദിയിലേക്ക് വരൻ കടന്നുവരുന്ന വീഡിയോയാണ് വൈറലായത്.വരനെത്തിയത് ഒരു കാറിൽ തന്നെയാണ്. കാറിന്റെ അലങ്കാരമാണ് ചർച്ചയായത്. വിവാഹവേദിയിലേക്ക് കാർ കടന്നുവരുന്നത് കണ്ടാൽ ഒരു സ്നാക്സ് ഷോപ്പ് കടന്നുവരുന്നത് പോലെ തോന്നും. പല രുചികളിലുളള ബിംഗോ പാക്കറ്റുകൾ അലങ്കാരമാക്കിയാണ് കാർ എത്തിയിരിക്കുന്നത്. അതുകണ്ട് ചിരിക്കുന്ന നിരവധിയാളുകളെയും വീഡിയോയിൽ കാണാവുന്നതാണ്. ഈ സംഭവവും എവിടെ നടന്നതാണെന്ന് വ്യക്തമല്ല.