danasekaran

കൽപ്പറ്റ: കോടതിയിലേക്ക് കൊണ്ടുവരുംവഴി പൊലീസ് കസ്റ്റഡിയിൽ നിന്ന് കൊലക്കേസ് പ്രതി കൃഷ്ണഗിരി മയിലമ്പാടി സ്വദേശി എം.ജെ.ലെനിൻ (40) രക്ഷപ്പെട്ടത് തമിഴ്നാട് പൊലീസിന്റെ സഹായത്താൽ. പ്രതി ചാടിപ്പോയ സംഭവത്തിൽ സംശയം തോന്നിയ കേരള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ രക്ഷിക്കാൻ തമിഴ്നാട് പൊലീസിലെ ചിലർ സഹായിച്ചതായി കണ്ടെത്തിയത്. തുടർന്ന് പ്രതിയെ കോടതിയിലേക്ക് കൊണ്ടുവന്ന കോയമ്പത്തൂർ എ.ആർ ക്യാമ്പിലെ ധനശേഖരൻ, ലെനിന്റെ സുഹൃത്തുക്കളും വയനാട് സ്വദേശികളുമായ കിച്ചു എന്ന രഞ്ജിത്ത്, രാഹുൽ, ജോണി ജോർജ്, ഡിന്റോ എന്ന തങ്കച്ചൻ, സനൽ മത്തായി, അഫ്സൽ എന്നിവരെ വയനാട് പൊലീസ് പിടികൂടി. ധനശേഖരനാണ് ഇയാളെ രക്ഷപ്പെടാൻ സഹായിച്ചതെന്ന് പൊലീസ് പറയുന്നു. ഇവരെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുത്തു. തമിഴ്നാട്ടിൽ ഇരട്ടക്കൊലപാതക കേസിലടക്കം പ്രതിയാണ് ലെനിൻ. ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെ മേപ്പാടി കോട്ടനാട് വെച്ചാണ് പ്രതി രക്ഷപ്പെട്ടത്. ബുധനാഴ്ച വൈകിട്ട് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ കേരള പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നാണ് രക്ഷപ്പെടലിന്റെ കഥ പുറത്തായത്. തമിഴ്നാട്ടിൽ വിവിധ കേസുകളിലായി ഇയാളെ 64 വർഷം കഠിന തടവിന് ശിക്ഷിച്ചിരുന്നു. 2022ൽ അമ്പലവയലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ ഹാജരാക്കാനായി കോയമ്പത്തൂർ ജയിലിൽ നിന്ന് ബത്തേരി കോടതിയിലേക്ക് കൊണ്ടുവരും വഴിയാണ് പ്രതി രക്ഷപ്പെട്ടത്. രക്ഷപെടാൻ സഹായിച്ച സ്പാ നടത്തിപ്പുകാരിയെയും പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.