1

ഇരിങ്ങാലക്കുട: മൂർക്കനാട് അമ്പലത്തിലെ ആറാട്ടിനിടെയുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ ആറുപേർ പിടിയിൽ. 2018ൽ ഇരിങ്ങാലക്കുട കനാൽ ബേസിൽ മോന്തച്ചാലിൽ വിജയൻ വധക്കേസിലെ പ്രതികളിലൊരാളായ ജാമ്യത്തിലിറങ്ങിയ വെള്ളാങ്ങല്ലൂർ അമ്മാട്ടുകുളം കുന്നത്താൻ വീട്ടിൽ മെജോ (32) അടക്കം ആറുപേരാണ് ഇരിങ്ങാലക്കുട പൊലീസ് പിടിയിലായത്.

കരുവന്നൂർ ചെറിയപാലം പുക്കോട്ടിൽ വീട്ടിൽ അപ്പുവെന്ന് അതുൽ കൃഷ്ണ (23), അമ്മാടം പാർപ്പക്കടവ് പുത്തൻപുരയ്ക്കൽ അക്ഷയ് (21), കാറളം വെള്ളാനി പാടേക്കാരൻ ഫാസിൽ (23), കാറളം കിഴുത്താണി ചീരോത്ത് വീട്ടിൽ വാവ എന്നുവിളിക്കുന്ന ജിഷ്ണു (26) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കുഞ്ഞുമൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിലുള്ള പോലീസും സ്‌ക്വാഡ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. പ്രായപൂർത്തിയാകാത്ത ഒരു പ്രതിയും പിടിയിലായവരിൽ ഉൾപ്പെടുന്നു.
മൂർക്കനാട് ശിക്ഷേത്രത്തിൽ ഉത്സവത്തിനിടെ കത്തിക്കുത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. അഞ്ചോളം പേർക്ക് ഗുരുതര പരിക്കുമുണ്ടായി. വെളത്തൂർ മനക്കൊടി സ്വദേശി ചുള്ളിപറമ്പിൽ വീട്ടിൽ സുഭാഷ് ചന്ദ്രബോസിന്റെ മകൻ അക്ഷയ് (21) ആണ് കൊല്ലപ്പെട്ടത്. മൂർക്കനാട് ആലുംപറമ്പിൽ വച്ചാണ് സംഭവം. മൂർക്കനാട് ശിക്ഷേത്രത്തിലെ ഉത്സത്തോട് അനുബന്ധിച്ചുള്ള വെടിക്കെട്ട് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് സംഭവം.

വൈകിട്ട് ഏഴോടെ നടന്ന ആക്രമണത്തിൽ 6 പേർക്കാണ് കുത്തേറ്റത്. മാപ്രാണം ലാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരിൽ നാലു പേരെ തൃശൂർ എലൈറ്റ് ആശുപത്രിയിലേക്കും ഒരാളെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലേക്കും മാറ്റി. മരിച്ച അക്ഷയ്ക്ക് നെഞ്ചിനോട് ചേർന്നാണ് കുത്തേറ്റത്. ആനന്ദപുരം സ്വദേശി കൊല്ലപറമ്പിൽ ഷിജുവിന്റെ മകൻ സഹിൽ, മൂർക്കനാട് സ്വദേശി കരിക്കപ്പറമ്പിൽ പ്രജിത്ത്, കൊടകര സ്വദേശി മഞ്ചേരി വീട്ടിൽ മനോജ്, ആനന്ദപുരം സ്വദേശി പൊന്നിയത്ത് വീട്ടിൽ സന്തോഷ്, തൊട്ടിപ്പാൾ സ്വദേശി നെടുമ്പാൾ വീട്ടിൽ നിഖിൽ എന്നിവരാണ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നത്.