manal

ആലുവ: ഇതര സംസ്ഥാനക്കാരെ ദിവസവേതനത്തിന് നിയോഗിച്ച് മണൽ മാഫിയ പെരിയാറിൽ നിന്നും നൂറുകണക്കിന് ലോഡ് മണൽ അനധികൃതമായി കടത്തിയിട്ടും പൊലീസ് മൗനം പാലിക്കുന്നതിൽ ദുരൂഹത. ചെറിയൊരു ഇടവേളക്ക് ശേഷം പെരിയാറിൽ നിന്നുള്ള മണൽ കടത്ത് രൂക്ഷമായത് പൊലീസിന്റെ മൗനാനുവാദത്തോടെയെന്നാണ് ആക്ഷേപം.

വ്യാപകമായ മണൽ വാരൽ 55 ലക്ഷം പേരുടെ കുടിവെള്ള സ്രോതസായ പെരിയാറിൽ നിന്നുള്ള പമ്പിംഗിനും ഭീഷണിയായിട്ടുണ്ട്. ആലുവ ജലശുദ്ധീകരണ ശാലയിലേക്ക് വെള്ളം ശേഖരിക്കുന്ന കാച്ച്‌മെൻറ് ഏരിയയുടെ വിവിധ ഭാഗങ്ങളിലാണ് പ്രധാനമായും മണൽ വാരൽ. ഈ പ്രദേശത്ത് മാത്രം രാത്രി കാലങ്ങളിൽ നിരവധി ലോഡ് മണലാണ് കടത്തുന്നത്. അതിനാൽ ജലശുദ്ധീകരണ ശാലയിലേക്ക് ആവശ്യത്തിന് വെള്ളം കിട്ടാതെയാകുന്നു. രാത്രി ഒമ്പതരയോടെ കടത്തുകടവ് ഭാഗത്ത് നിന്നും കൂട്ടമായും ഒറ്റയായും വഞ്ചികളെത്തി വെളിച്ചമില്ലാത്ത പ്രദേശങ്ങളിൽ തമ്പടിച്ച് മണലൂറ്റാരംഭിക്കും. മറ്റുള്ളവർ മംഗലപ്പുഴ പാലത്തിനടുത്താണ് മണലൂറ്റുന്നത്.

നേരത്തെ മോട്ടോർ ഘടിപ്പിച്ച വഞ്ചിയാണ് മണലൂറ്റുകാർ ഉപയോഗിച്ചിരുന്നത്. ശിവരാത്രി മണപ്പുറത്ത് വ്യാപാര മേള നടക്കുന്നതിനാൽ ആളുകളുടെ ശ്രദ്ധയുണ്ടാവാതിരിക്കാൻ ഇപ്പോൾ മോട്ടോർ ഉപേക്ഷിച്ചിരിക്കുകയാണ്. പുലർച്ചെ അഞ്ച് വരെ മണൽ വാരി സമീപത്തെ ഗ്രാമീണ മേഖലകളിലെ കടവുകളിൽ എത്തിച്ച ശേഷമാണ് ലോറികളിലേക്ക് നിറക്കുന്നത്. വിപണിയിൽ വലിയ ഡിമാന്റുള്ള ആലുവ മണൽ 'ആലുവ ഗോൾഡ്' എന്ന പേരിലാണ് അറിയപ്പെടുന്നത്. കൊല്ലം ഭാഗത്തേക്കാണ് മണൽ കൂടുതലായും കടത്തുന്നത്.
മണൽ വാരുന്ന പ്രദേശങ്ങളിൽ കുഴികൾ വർദ്ധിക്കുകയും പുഴയിൽ ചളി നിറയുകയുമാണ്. വെള്ളത്തിൽ ചളിയുടെ അളവ് കൂടിയാൽ ജല ശുചീകരണത്തെ ബാധിക്കും. ഇത് കൊച്ചി നഗരമടക്കം ജില്ലയുടെ വലിയൊരു പ്രദേശത്തെ കുടിവെള്ള വിതരണത്തെ രൂക്ഷമായി ബാധിക്കും. മാസങ്ങൾക്ക് മുമ്പ് മണൽകടത്ത് വാർത്തകളെ തുടർന്ന് പൊലീസ് വഞ്ചി പിടികൂടി നശിപ്പിച്ചിരുന്നു. മണൽ മാഫിയകളെ രഹസ്യമായി സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയും ഉണ്ടായി.