crime

ആലുവ: തേവക്കലിൽ പൊതുസ്ഥലത്തിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തവരെ ലഹരിമാഫിയസംഘം വീടുകളിൽ കയറി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. ആറുപേർക്കെതിരെ എടത്തല പൊലീസും തൃക്കാക്കര പൊലീസും കേസെടുത്തു.

തേവക്കൽ ചിറമോളത്ത് റോഡിൽ ബുധനാഴ്ച രാത്രി എട്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊതുസ്ഥലത്തിരുന്ന് ലഹരിഉപയോഗിക്കുന്നത് സമീപവാസിയായ ഘോഷ് (44) ചോദ്യംചെയ്തു. ഇതേത്തുടർന്ന് ലഹരിസംഘം ഘോഷിനെ വീട്ടിൽക്കയറി ആക്രമിക്കുകയായിരുന്നു. ചെവിക്ക് അടിച്ചതിനെത്തുടർന്ന് കേൾവി നഷ്ടപ്പെടുകയും കണ്ണിന് പരിക്കേൽക്കുകയും ചെയ്തു. നാട്ടുകാർ സംഘടിതമായി പ്രതികൾക്കെതിരെ തിരിഞ്ഞതോടെ പിൻവാങ്ങിയ സംഘം 9.45ഓടെ 20ഓളം പേരുമായി പറമാട്ട് രാജേഷിന്റെ വീട്ടിൽ ആയുധങ്ങളുമായെത്തി ആക്രമിക്കുകയായിരുന്നു. രാജേഷിന്റെ തലയിൽ ആറ് തുന്നലുണ്ട്. ഇരുവരെയും കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെയോടെ ആശുപത്രിയിലെത്തിയും ആക്രമിസംഘം പരിക്കേറ്റവരെയും കൂട്ടിരിപ്പുകാരെയും ഭീഷണിപ്പെടുത്തി. കേസുമായി മുന്നോട്ട് പോയാൽ വിവരമറിയുമെന്നായിരുന്നു ഭീഷണി.

തേവക്കലിൽ റോഡിന്റെ ഒരുവശം എടത്തല പൊലസ് പരിധിയും മറുവശം തൃക്കാക്കര സ്റ്റേഷൻ പരിധിയുമാണ്. ഘോഷിനെ മർദ്ദിച്ച സംഭവത്തിൽ തൃക്കാക്കര പൊലീസിലും രാജേഷിനെ മർദ്ദിച്ച സംഭവത്തിൽ എടത്തല പൊലീസിലുമാണ് പരാതി.

കേസ് ഭയന്ന് മർദ്ദനം നടത്തിയവരും നാട്ടുകാർ മർദ്ദിച്ചെന്നാരോപിച്ച് ആശുപത്രിയിൽ ചികിത്സതേടി.