bjp

ന്യൂ‌ഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് പാർട്ടികൾ പലതരത്തിലുളള പ്രചാരണ പരിപാടികളാണ് സംഘടിപ്പിച്ചുവരുന്നത്. എതിർപാർട്ടികളെ പലരീതിയിൽ വിമർശിച്ചുകൊണ്ടുളള തിരഞ്ഞെടുപ്പ് പ്രചാരണ രീതികളാണ് പല പാർട്ടികളും മുന്നോട്ടുവയ്ക്കുന്നത്. അത്തരത്തിൽ അഴിമതിക്കാരെ ബിജെപി വെളുപ്പിക്കുന്നുവെന്ന് ആരോപിക്കുന്ന തരത്തിലുളള പരസ്യങ്ങളാണ് ഇപ്പോൾ ദേശീയ ദിനപത്രങ്ങളിൽ കോൺഗ്രസ് നൽകിയിരിക്കുന്നത്.

വെളുത്ത കുർത്തയും പൈജാമയും ധരിച്ച ഒരാൾ വാഷിംഗ്‌മെഷീനുളളിൽ നിന്ന് പുറത്തേക്ക് വന്ന് കൈവീശുന്നതാണ് ചിത്രം. പരസ്യത്തിലെ വ്യക്തി ധരിച്ച ഷാളിന്റെ നിറം കാവിയാണ്. മിത്രങ്ങളേ, അഴിമതിക്കാർക്കെതിരെ നടപടിയെടുക്കും, ഓരോരുത്തരെയും പാർട്ടിയിൽ എത്തിക്കുകയും ചെയ്യും' എന്ന തലക്കെട്ടോടെയാണ് പരസ്യം നൽകിയിരിക്കുന്നത്. ചിത്രം ഇതിനകം തന്നെ സോഷ്യൽമീഡിയയിൽ വൈറലാകുകയും ചെയ്തു.

I salute the newspapers that carried this message issued in national interest. Sadly, a few chickened out.#BJPWashingMachine pic.twitter.com/q2oGycYegn

— Jairam Ramesh (@Jairam_Ramesh) April 5, 2024

അതേസമയം, കോൺഗ്രസ് 'ന്യായ് പത്ര്' എന്ന പേരിൽ പ്രകടനപത്രിക പുറത്തിറക്കി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ തുടങ്ങിയവരാണ് പ്രകടനപത്രിക പുറത്തിറക്കിയത്. നിരവധി വാഗ്ദ്ധാനങ്ങളാണ് പ്രകടനപത്രികയിൽ കോൺഗ്രസ് മുന്നോട്ടുവച്ചിരിക്കുന്നത്.

മുതിർന്ന പൗരന്മാർക്ക് യാത്രാ ഇളവുകൾ നൽകും, രാജസ്ഥാൻ മാതൃകയിൽ 25 ലക്ഷം രൂപ വരെ ആരോഗ്യ ഇൻഷുറൻസ് പദ്ധതി കൊണ്ടുവരും, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ വിദഗ്ദ്ധ ചികിത്സയും മികച്ച ടെസ്റ്റിംഗ് സൗകര്യവും ഉറപ്പാക്കും, കുടുംബത്തിലെ മുതിർന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടിൽ വർഷം ഒരു ലക്ഷം രൂപ നൽകും, 2025 മുതൽ കേന്ദ്ര സർക്കാരിലെ പകുതി തസ്തികകൾ വനിതകൾക്കായി സംവരണം ചെയ്യും, നേതാക്കൾ കൂറുമാറിയാൽ ഉടനടി അയോഗ്യരാക്കുന്ന നിയമം കൊണ്ടുവരും തുടങ്ങിയവയാണ് പ്രകടനപത്രികയിൽ പാർട്ടി മുന്നോട്ടുവയ്ക്കുന്ന ചില വാഗ്ദ്ധാനങ്ങൾ.