
ന്യൂഡൽഹി: വിദേശത്തുള്ള ഭീകരരെ ഉന്മൂലനം ചെയ്യുന്നതിന്റെ ഭാഗമായി ഇന്ത്യ പാക് ഭീകരരെ കൊലപ്പെടുത്തിയെന്ന ബ്രിട്ടീഷ് ദിനപത്രം ദ ഗാർഡിയന്റെ റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം. മറ്റ് രാജ്യത്തുള്ളവരെ ലക്ഷ്യമിടുന്നതും കൊലപ്പെടുത്തുന്നതും ഇന്ത്യൻ സർക്കാരിന്റെ നയമല്ലെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
റിപ്പോർട്ടിനെതിരെ രൂക്ഷമായി പ്രതികരിച്ച ഇന്ത്യ പാക് ഭീകരരെ ഇല്ലാതാക്കാൻ ഇന്ത്യ അതിർത്തികടന്നുള്ള ആക്രമണങ്ങൾ നടത്തുന്നു എന്നത് തെറ്റായ റിപ്പോർട്ടാണെന്നും ദുരുദ്ദേശ്യത്തോടെയുള്ള ഇന്ത്യാ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണെന്നും വ്യക്തമാക്കി. വ്യാജവും കെട്ടിച്ചമച്ചതുമായ വാർത്തയാണത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിച്ഛായ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിത്. ഭീകരരെ ഇല്ലാതാക്കും എന്നതു കൊണ്ട് ഇന്ത്യയുടെ പരമാധികാരത്തിന് ഭീഷണിയാകുന്നവരെ ഉന്മൂലനം ചെയ്യും എന്നാണ് ഉദ്ദേശിക്കുന്നത്.
പുൽവാമ ആക്രമണത്തിന് ശേഷം രഹസ്യാന്വേഷണ ഏജൻസിയായ റോ ഇരുപതോളം കൊലപാതകങ്ങൾ നടത്തിയെന്നാണ് ഗാർഡിയന്റെ റിപ്പോർട്ട്. പാകിസ്ഥാനിൽ നിന്നും ഇന്ത്യൻ, പാക് അതിർത്തിയിലെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിൽ നിന്നും ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടെന്നാണ് ഗാർഡിയന്റെ വാദം.
വിദഗ്ദ്ധർ പറയുന്നത്
ഇന്ത്യ ഇങ്ങനെ പ്രവർത്തിക്കില്ല. തെറ്റായ ആരോപണങ്ങളാണ്. ഈ കൊലപാതകങ്ങളെല്ലാം പ്രാദേശിക സംഘട്ടനത്തിന്റെ ഭാഗമാണ്. ഇന്ത്യൻ സർക്കാരുമായി ബന്ധവുമില്ല.
പിന്നിൽ ഐ.എസ്.ഐ ?
ഐ.എം.എഫ് ഏർപ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങൾ മറികടക്കാൻ ഭീകരരെ വധിച്ചത് പാക് ചാര സംഘടനയായ ഐ.എസ്.ഐ ആണെന്നും ആരോപണം. പാകിസ്ഥാൻ ഭീകരർക്ക് ധനസഹായവും അഭയവും നൽകുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.