
മുംബയ്: ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ ആരോഗ്യപരിശോധനയുമായി കൊടക് മഹീന്ദ്ര ബാങ്ക്. കേരളത്തിലുൾപ്പടെയുള്ള മൂവ്വായിരത്തോളം ട്രക്ക് ഡ്രൈവർമാർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, നേത്ര പരിശോധന, ഫിസിയോ തെറാപ്പി, ഓർത്തോപീഡിക് പരിശോധനകൾ, വായിലെ അർബുദത്തിന്റെ പ്രാഥമിക പരിശോധനകൾക്കായുള്ള ഡെന്റൽ ചെക്കപ്പ്, രക്തസമ്മർദ്ദ പരിശോധന, പ്രമേഹ പരിശോധന തുടങ്ങിയവ ലഭ്യമാകും. സൗജന്യമായി മരുന്ന് വിതരണം നടത്തുന്നതിനൊപ്പം ഡ്രൈവർമാരുടെ ക്ഷേമം ലക്ഷമിട്ട് സർക്കാർ നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണ സെഷനുകളും കൊടക് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
ട്രക്ക് ഡ്രൈവർമാർ പതിവായി വരുന്ന ട്രാൻസ്പോർട്ട് ഹബ്ബുകളിൽ 30 ആരോഗ്യക്യാമ്പുകൾ വരെ സംഘടിപ്പിക്കും. ഓരോ ക്യാമ്പിലും ഡോക്ടർമാരും നഴ്സിങ്ങ് സ്റ്റാഫും അടങ്ങുന്ന ആറംഗ സംഘത്തിന്റെ സേവനം ലഭ്യമായിരിക്കും. നാസിക്, മൊറാദാബാദ്, കാൺപൂർ, റോഹതക്, ഫരീദാബാദ്, ബിക്കാനീർ, ഭിൽവാര, ജയ്പൂർ, ജോധ്പൂർ, ബതിന്ദാ, ജലന്ധർ, ലുധിയാന, ചണ്ഡീഗഡ്, വെല്ലൂർ, ശങ്കരി, കോഴിക്കോട്, ഹൈദരാബാദ് ഓട്ടോ നഗർ, ഹുബ്ലി, ജോർഹട്ട്, ധന്‍ബാദ്, ഭുവനേശ്വർ, പട്ന, പൂനെ, ഔറംഗബാദ്, നാസിക്, റായ്പൂർ, ഗാന്ധിധാം, ഇൻഡോർ, ഗ്വാളിയോർ, സുരേന്ദ്രനഗർ ഹൽവോദ് തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെടെ 30 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.