kangana-ranaut

ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന് വിളിച്ച് ബോളിവുഡ് നടിയും ബിജെപി സ്ഥാനാർത്ഥിയുമായ കങ്കണ റണാവത്. ഹിമാചൽ പ്രദേശിലെ മാണ്ഡി സീറ്റിൽ നിന്നാണ് താരം മത്സരിക്കുന്നത്. നടിയുടെ പരാമർശത്തെ പരിഹസിച്ച് ബിആർഎസ് വർക്കിംഗ് പ്രസിഡന്റ് കെ ടി രാമറാവുവും രംഗത്തെത്തി.

'വടക്കുനിന്നുള്ള ഒരു ബിജെപി സ്ഥാനാർത്ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസാണ് നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്, തെക്കിൽ നിന്നുള്ള മറ്റൊരു ബിജെപി സ്ഥാനാർത്ഥി പറയുന്നു മഹാത്മാ ഗാന്ധിയാണ് നമ്മുടെ പ്രധാനമന്ത്രിയെന്ന്. ഇവരൊക്കെ എവിടെനിന്നാണ് ബിരുദം നേടിയത്?'- കെടിആർ സമൂഹമാദ്ധ്യത്തിലൂടെ പരിഹസിച്ചു.

One BJP candidate from North says Subash Chandra Bose was our first PM !!

And another BJP leader from South says Mahatma Gandhi was our PM !!

Where did all these people graduate from? 😁

— KTR (@KTRBRS) April 5, 2024

ഒരു ടെലിവിഷൻ അഭിമുഖത്തിലാണ് കങ്കണ റണാവത് സുഭാഷ് ചന്ദ്രബോസിനെ പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ചത്. 'നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെപ്പോയി?' എന്നായിരുന്നു നടിയുടെ ചോദ്യം. ഇത് വലിയ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും ഇടയാക്കിയിരുന്നു. കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാതെയും കങ്കണയെ പരിഹസിച്ച് രംഗത്തെത്തി. കങ്കണയെ സാധാരണക്കാരിയായി കാണരുതെന്നും ബിജെപി നേതാക്കളുടെ പട്ടികയിൽ അവർ മുൻനിരയിലെത്തുമെന്നുമായിരുന്നു കോൺഗ്രസ് നേതാവിന്റെ പരിഹാസം.

നേരത്തെ ഇന്ത്യയ്ക്ക് യഥാർത്ഥ സ്വാതന്ത്ര്യം ലഭിച്ചത് നരേന്ദ്ര മോദി 2014ൽ പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിനുശേഷമാണെന്നുള്ള കങ്കണയുടെ പരാമർശവും ട്രോളുകൾ ഏറ്റുവാങ്ങിയിരുന്നു.