
സംസ്ഥാനത്തിനുള്ള അധികവായ്പയും വായ്പാപരിധി വർദ്ധനയും ഉൾപ്പെടെയുള്ള ധനകാര്യ വിഷയങ്ങളടക്കം പലതിലും കേന്ദ്ര സർക്കാരുമായി കൊമ്പുകോർത്തു നിൽക്കുന്ന സംസ്ഥാന സർക്കാർ, ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ ചില പദ്ധതികളോട് ഇതുവരെ മുഖംതിരിച്ചു നിന്നതിന് രാഷ്ട്രീയമെന്ന ഒറ്റക്കാരണമേ പറയാനാകൂ. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പി.എം ശ്രീ സ്കൂൾ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിടാതെ വാശിപിടിച്ചു നിന്ന സർക്കാർ, അതുമായി ബന്ധപ്പെട്ട കേന്ദ്ര സഹായങ്ങൾ മുടങ്ങുമെന്ന് ഉറപ്പായ ഘട്ടത്തിലാണ് ഇപ്പോൾ ധൃതിപിടിച്ച് ധാരണാപത്രം ഒപ്പിടാൻ തീരുമാനിച്ചത്. മുൻ തീരുമാനത്തിലെ മാറ്റം അറിയിച്ച് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി കഴിഞ്ഞ ദിവസം കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന് കത്തയയ്ക്കുകയും ചെയ്തു.
പ്രധാൻമന്ത്രി സ്കൂൾ ഫോർ റൈസിംഗ് ഇന്ത്യ എന്ന പി.എം. ശ്രീ സ്കൂൾ പദ്ധതിയുടെ നിർവഹണച്ചുമതല കേന്ദ്രത്തിനു കീഴിലെ സമഗ്രശിക്ഷാ അഭിയാനാണ്. ഇതിന്റെ ഭാഗമായി നിലവിൽ സംസ്ഥാനം ധനസഹായം വാങ്ങുന്നുണ്ടെന്നിരിക്കെ, പുതിയ പദ്ധതിയിൽ നിന്ന് വിട്ടുനില്ക്കുന്നത് പ്രായോഗികമല്ലെന്ന സാമാന്യജ്ഞാനം കേരളത്തിന് നേരത്തേ ഉണ്ടാകേണ്ടതായിരുന്നു. മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള, തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകൾക്ക് നിശ്ചിത കാലയളവിൽ അധിക മികവ് പ്രകടിപ്പിക്കാൻ ഒരുകോടി രൂപയോളം സഹായം ലഭിക്കുന്നതാണ് പി.എം. ശ്രീ സ്കൂൾ പദ്ധതി. പക്ഷേ, അപ്പോൾ സ്കൂളിന്റെ പേരിനൊപ്പം പി.എം ശ്രീ എന്നു ചേർക്കണം. സ്കൂളുകളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രവും പേരുമൊക്കെ വയ്ക്കേണ്ടിയും വരും. അത് ബ്രാൻഡിംഗിന്റെ ഭാഗമാണ്.
എം.പി വികസന ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കുന്ന പദ്ധതികൾക്കൊപ്പം ആ എം.പിയുടെ പേരു ചേർക്കുന്നതു പോലെയാണ് ഇതും. പക്ഷേ കേന്ദ്രത്തിന്റെ ഈ ബ്രാൻഡിംഗ് പരിപാടി കേരളത്തിൽ നടപ്പില്ലെന്നു പറഞ്ഞാണ്, നേരത്തേ ഇത്തരം ചില പദ്ധതികളിൽ നിന്ന് വിട്ടുനിന്നതും, പിന്നീട് വാശി കളഞ്ഞ് അതിന്റെ ഭാഗമായതും. ഇപ്പോൾ, പി.എം.ശ്രീ പദ്ധതി നടപ്പാക്കിയില്ലെങ്കിൽ സമഗ്രശിക്ഷാ അഭിയാനിൽ നിന്ന് ബാക്കി കിട്ടാനുള്ള തുകയും നൽകില്ലെന്ന് കേന്ദ്രം നിലപാട് കടുപ്പിച്ചു. അതോടെ, സംസ്ഥാന സർക്കാർ രാഷ്ട്രീയവാശി കളഞ്ഞ് ധാരണാപത്രം ഒപ്പിടാൻ തയ്യാറാവുകയും ചെയ്തു. സംസ്ഥാനത്തെ സംബന്ധിച്ചും സാധാരണ ജനങ്ങളെ സംബന്ധിച്ചും പ്രയോജനമാണ് മുഖ്യം. പി.എം ശ്രീ സ്കൂൾ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യമായ വിധം മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള 150 സ്കൂളുകളെങ്കിലും കേരളത്തിലുണ്ടെന്നാണ് കണക്ക്. ഇത്രയും സ്കൂളുകൾക്കെല്ലാം കൂടി 150 കോടി രൂപയുടെ സഹായത്തിന് വഴിതുറക്കുന്ന പദ്ധതി, ആ സ്കൂളുകളുടെ പേരിനൊപ്പം പദ്ധതിയുടെ പേരുകൂടി ചേർക്കേണ്ടിവരുമെന്നു പറഞ്ഞ് വേണ്ടെന്നുവയ്ക്കേണ്ടതുണ്ടോ?
പണം കിട്ടുമ്പോൾ അതിനൊപ്പം ചില നിബന്ധനകൾക്കു കൂടി വഴങ്ങേണ്ടിവരും. അതിൽ രാഷ്ട്രീയ ദുഷ്ടലാക്ക് ആരോപിക്കുന്നവർ അതിലും മുഖ്യമായി കരുതേണ്ടത് സംസ്ഥാനത്തിന്റെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ അതു സൃഷ്ടിക്കുന്ന മികവും മാറ്റവുമല്ലേ? പണം കിട്ടില്ലെന്ന് കട്ടായം പറയുമ്പോൾ മാത്രം, നുകം ചുമക്കാൻ കഴുത്ത് കുനിച്ചുകൊടുക്കുന്ന വിധേയത്വത്തിൽ നാണക്കേടിന്റെ അംശം കൂടിയില്ലേ? കടുത്ത സാമ്പത്തിക ഞെരുക്കം കാരണം ആരോഗ്യം ഉൾപ്പെടെ അടിസ്ഥാനമേഖലകളിൽ പലതിലും അധികതുക പോയിട്ട്, അടിയന്തരാവശ്യങ്ങൾക്കു പോലും നിവൃത്തിയില്ലാതെ വശംകെടുന്ന സംസ്ഥാന സർക്കാർ വിദ്യാഭ്യാസം ഉൾപ്പെടെ സുപ്രധാന മേഖലകളുടെ വികസനത്തിനും മികവിനും ആവിഷ്കരിക്കുന്ന കേന്ദ്ര പദ്ധതികളോട് രാഷ്ട്രീയ കാരണങ്ങളാൽ മുഖംതിരിച്ചു നിന്നിട്ട് കാര്യമില്ല. പണവും പ്രയോജനവും തന്നെയാണ് പ്രധാനം. ജനങ്ങൾക്ക് അതാണ് വേണ്ടത്.