bengal

 സർക്കാരിനും വിസിമാർക്കും കർശന താക്കീത്

കൊൽക്കത്ത: തിരഞ്ഞെടുപ്പ് പ്രചാരണത്തിനുൾപ്പടെ സർവകലാശാലാ ക്യാമ്പസുകൾ ദുരുപയോഗിക്കുന്നതിൽ ജുഡിഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ട് ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്. വിരമിച്ച സുപ്രീംകോടതി / ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള ഏകാംഗ കമ്മിഷന്റെ നേതൃത്വത്തിലാണ് അന്വേഷണം. ക്യാമ്പസുകളുടെ ദുരുപയോഗം, അഴിമതി, അക്രമം, എന്നിവയെല്ലാം അന്വേഷിക്കും.
അതിനിടെ സർവകലാശാലാ വൈസ് ചാൻസലർ നിയമന നിയന്ത്രണാധികാരത്തിൽ ഗവർണർ ആനന്ദബോസ് വീണ്ടും നിലപാട് കടുപ്പിച്ചു. സുപ്രീംകോടതി, ഹൈക്കോടതി വിധികൾക്ക് വിരുദ്ധമായി സർവകലാശാലാ പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്ന വൈസ് ചാൻസലർമാർക്ക് കർശന താക്കീത് നൽകി.
മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്നാരോപിച്ച് മാർച്ച് 31ന് ഗവർണർ നീക്കം ചെയ്‌ത ഗൗർ ബംഗ സർവകലാശാല വൈസ് ചാൻസലർ രജത് കിഷോർ ഡേയെ തുടരാനനുവദിച്ച് സർക്കാർ 'അഡ്വൈസറി' പുറപ്പെടുവിച്ചു. ഗവർണറുടെ നടപടിയെ വിദ്യാഭ്യാസമന്ത്രി പരസ്യമായി വിമർശിക്കുകയും ചെയ്തു. ഇതോടെയാണ്

ചാൻസലർ കൂടിയായ ഗവർണർ താക്കീത് നൽകിയത്.
വൈസ് ചാൻസലർ ചുമതലയിൽ നിന്ന് ചാൻസലർ നീക്കംചെയ്തവരെ സംരക്ഷിക്കുന്ന തീരുമാനങ്ങൾ റദ്ദാക്കുന്നതായി ഉത്തരവിട്ട് റിപ്പോർട്ട് കാർഡ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ബംഗാളിലെ വിദ്യാർത്ഥികളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണിത്.
കഴിഞ്ഞ ആഴ്ച, തൃണമൂൽ കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയുടെ കൺവെൻഷൻ ഗൗർബംഗ സർവകലാശാലയിൽ നടത്തിയിരുന്നു. സംസ്ഥാന വിദ്യാഭ്യാസമന്ത്രി ബ്രത്യ ബസുവിന് പുറമെ മറ്റു മന്ത്രിമാരും നേതാക്കളും വിവിധ കോളേജുകളിലെയും സർവകലാശാലകളിലെയും 1700 ഓളം പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ഇതേത്തുടർന്നാണ് ചാൻസലർ എന്ന നിലയിൽ ഗവർണർ വൈസ് ചാൻസലറെ നീക്കം ചെയ്‌തത്.

'ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച 'അഡ്വൈസറി' തെറ്റിദ്ധരിപ്പിക്കുന്നതും നിയമവിരുദ്ധവും സുപ്രീം കോടതിയുടെയും കൽക്കട്ട ഹൈക്കോടതിയുടെയും വിധിന്യായങ്ങൾക്ക് വിരുദ്ധവുമാണ്. സർവ്വകലാശാലാ നിയമങ്ങളുടെയും ചട്ടങ്ങളുടെയും തെറ്റായ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ നടപടി അനുചിതവും സംശയാസ്പദവുമാണ്. പശ്ചിമബംഗാളിലെ ഒരു സംസ്ഥാന എയ്ഡഡ് സർവകലാശാലയും ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ ഭരണ നിയന്ത്രണത്തിൻ കീഴിലല്ല. എല്ലാ സംസ്ഥാനഎയ്ഡഡ് സർവ്വകലാശാലകളും സ്വയംഭരണ ബോഡികോർപ്പറേറ്റുകളാണ്, 'സ്റ്റേറ്റ് എയ്ഡ്' എന്നത് ഭരണ നിയന്ത്രണം അല്ല' റിപ്പോർട്ട് കാർഡിൽ ഗവർണർ വിശദീകരിച്ചു. സുപ്രീംകോടതിയുടെയും കൽക്കട്ട ഹൈക്കോടതിയുടെയും വിധികൾ അദ്ദേഹം അതിനുപോൽബലകമായി ഉദ്ധരിച്ചു.
യു.ജി.സി നിയമം ലംഘിച്ച് നിയമനം നേടിയ വി.സിമാരെ നീക്കം ചെയ്ത് താൽക്കാലിക വിസിമാരെ നിയമിച്ചതിലൂടെ തുടങ്ങിയതാണ് ഗവർണർ സർക്കാർ നിയമപോരാട്ടം. കോടതിവിധികളെയും യുജിസി നിയമങ്ങളെയും അവഗണിച്ച് സർവ്വകലാശാലകളെ നിയന്ത്രിക്കാനുള്ള സംസ്ഥാന സർക്കാരിന്റെ പരിശ്രമത്തിനെതിരെ ആനന്ദബോസ് ആഞ്ഞടിച്ചു.
ചാൻസലർ എന്ന നിലയിൽ എല്ലാ സംസ്ഥാന സർവ്വകലാശാല കളെയും നിയന്ത്രിക്കാനുള്ള തന്റെ അധികാരങ്ങളെക്കുറിച്ച് ഉയർന്നുവന്ന ചോദ്യങ്ങൾക്ക് സുപ്രീംകോടതി, കൽക്കട്ട ഹൈക്കോടതി വിധികളെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം റിപ്പോർട്ട് കാർഡിൽ അക്കമിട്ട് മറുപടി നൽകി.
യൂണിവേഴ്സിറ്റി ആക്റ്റുകൾ യുജിസി നിയമത്തിനും ചട്ടങ്ങൾക്കും അനുസൃതമായിരിക്കണം. യുജിസി ചട്ടങ്ങൾക്ക് വിരുദ്ധമായ ഒരു സംസ്ഥാന നിയമവും നിലനിൽക്കില്ല. 'വിസിയെ നിയമിക്കാനോ പുനർനിയമിക്കാനോ സംസ്ഥാന സർക്കാരിന് അധികാരമില്ല' എന്ന് സുപ്രിംകോടതി അസന്ദിഗ്ദ്ധമായി വ്യക്തമാക്കിയിട്ടുണ്ട്.
'വൈസ് ചാൻസലറെ നിയമിക്കാനോ വീണ്ടും നിയമിക്കാനോ താൽക്കാലികമായി നിയമിക്കാനോ നീക്കം ചെയ്യാനോ ചാൻസലർക്ക് മാത്രമേ അധികാരമുള്ളൂ' എന്ന് കൽക്കട്ട ഹൈക്കോടതിയും ഉത്തരവിട്ടിട്ടുണ്ട്.
'പുതിയതായി സ്ഥാപിച്ച പത്തു സർവകലാശാലകളുടെ ചട്ടങ്ങൾ അംഗീകരിക്കുന്നതിനുള്ള 'ഫെസിലിറ്റേറ്റർ' ആയി പ്രവർത്തിക്കുന്നതിൽ സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് പരാജയപ്പെട്ടുവെന്ന് ബോസ് ആരോപിച്ചു. കൂടാതെ, കോളേജിൽ നിന്ന് സർവകലാശാലയിലേക്ക് ഉയർത്തിയ രണ്ട് സർവകലാശാലകളിലെയും അധ്യാപകരുടെയും അനധ്യാപക ജീവനക്കാരുടെയും സ്വാംശീകരണ പ്രക്രിയ പൂർത്തിയാക്കാൻ വകുപ്പ് താൽപ്പര്യം കാണിച്ചിട്ടില്ല,' അദ്ദേഹം കൂട്ടിച്ചേർത്തു.