bhima

ന്യൂഡൽഹി : ഭീമാ കൊറേഗാവ് കേസിൽ യു.എ.പി.എ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന നാഗ്പുർ സർവകലാശാല പ്രൊഫസർ ഷോമാ സെന്നിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. 2018 ജൂൺ മുതൽ ഷോമാ സെൻ ജയിലിലാണ്. വിചാരണ ഇതുവരെ ആരംഭിച്ചിട്ടില്ല. 62കാരിയുടെ ആരോഗ്യനില മോശമാണെന്നതും ജസ്റ്റിസ് അനിരുദ്ധ ബോസ് അദ്ധ്യക്ഷനായ ബെഞ്ച് കണക്കിലെടുത്തു. ഇനിയും കസ്റ്രഡിയിൽ സൂക്ഷിക്കേണ്ട ആവശ്യമുണ്ടോയെന്ന് കോടതി ചോദിച്ചപ്പോൾ, വേണ്ടെന്ന നിലപാട് എൻ.ഐ.എ അറിയിച്ചിരുന്നു.

വിചാരണക്കോടതിയുടെ അനുമതിയില്ലാതെ മഹാരാഷ്ട്രയ്ക്ക് പുറത്തുപോകരുതെന്ന് സുപ്രീംകോടതി ജാമ്യഉപാധി വച്ചു. പാസ്പോർട്ട് കെട്ടിവയ്ക്കണം. മൊബൈലിലെ ലൊക്കേഷൻ എപ്പോഴും ആക്ടീവായിരിക്കണം. അന്വേഷണഉദ്യോഗസ്ഥന്റെ ഫോണുമായി പെയർ ചെയ്യണമെന്നും നിർദ്ദേശം നൽകി. കേസുമായി ബന്ധപ്പെട്ട് ജാമ്യം ലഭിക്കുന്ന ആറാമത്തെ പ്രതിയാണ് ഷോമാസെൻ.