
ലണ്ടൻ : ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഷെഫീൽഡിനെ 3-1ന് കീഴടക്കി ലിവർപൂൾ ഒന്നാം സ്ഥാനത്തേക്ക് തിരച്ചെത്തിയപ്പോൾ, ഹാട്രിക്കുമായി നിറഞ്ഞാടിയ കോൾ പാൽമറിന്റെ വിസ്‌മയ പ്രകടനത്തിന്റെ പിൻബലത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് അവസാന നിമിഷം വിജയംതട്ടിപ്പറിച്ച് ചെൽസി.
സ്വന്തം തട്ടകമായ ആൻഫീൽഡിൽ നടന്ന മത്സരത്തിൽ ഡാർവിൻ ന്യൂനസ്, മക്‌അലിസ്റ്റർ, കോഡി ഗാക്പോ എന്നിവരാണ് ലിവർപൂളിനായി ലക്ഷ്യം കണ്ടത്. 58-ാം മിനിട്ടിൽ ലിവർപൂൾ താരം ബ്രാഡ്‌ലിയുടെ പിഴവിൽ പിറന്ന സെൽഫ് ഗോളാണ് ഷെഫീൽഡിന്റെ അക്കൗണ്ടിൽ എത്തിയത്.
ഇതോടെ കഴിഞ്ഞ ദിവസം ലുട്ടനെ കീഴടക്കി ടോപ്പിലെത്തിയ ആഴ്സനലിനെ മറകടന്ന് വീണ്ടും ഒന്നാം സ്ഥാനത്തെത്താൻ ലിവർപൂളിനായി. 30 മത്സരങ്ങളിൽ നിന്ന് ആഴ്സനലിന് 70 പോയിന്റായി. ഇത്രയും കളിയിൽ നിന്ന് രണ്ടാം സ്ഥാനത്തുള്ള ആഴ്സനലിന് 68ഉം മാഞ്ചസ്റ്റർ സിറ്റിയ്ക്ക് 67പോയിന്റുമാണുള്ളത്.
ചെൽസിയുടെ തട്ടകമായ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ നടന്ന ത്രില്ലർ പോരാട്ടത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ആതിഥേയർ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നാടകീയ ജയം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് 90 മിനിട്ട് കളിയവസാനിക്കുമ്പോൾ മാഞ്ചസ്റ്റർ 3-2ന് മുന്നിലായിരുന്നു. എന്നാൽ അധികസമയത്ത് (90+10 പെനാൽറ്റി, 90+11) പെനാൽറ്റിയിൽ നിന്നുൾപ്പെടെ രണ്ട് ഗോളുകൾ നേടി പാൽമർ ചെൽസിക്ക് അവിശ്വസനീയ ജയം സമ്മാനിക്കുകയായിരുന്നു. നേരത്തേ 19-ാം മിനിട്ടിലും പെനാൽറ്റിയിലൂടെ ഗോൾ നേടിയ പാൽമാർ പ്രിമിയർലീഗിൽ തന്റെ ആദ്യ ഹാട്രിക്ക് തികച്ചു. പോയിന്റ് ടേബിളിൽ യുണൈറ്റഡ് ആറാമതും (48), ചെൽസി പത്താമതുമാണ് (43).
200- പ്രിമിയർലീഗിൽ ഹാട്രിക്ക് നേടുന്ന ഇരുന്നൂറാമത്തെ താരമായി ചെൽസിയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ കോൾ പാൽമർ. ചെൽസിയുടെ തട്ടകത്തിൽ അവർക്കെതിരെ യുണൈറ്റഡ് ഇത് രണ്ടാം തവണയാണ് ഹാട്രിക്ക് വഴങ്ങുന്നത്. 10 വർഷങ്ങൾക് മുൻപ് മുൻചെൽസി താരം സാമുവൽ എറ്റൂ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ യുണൈറ്റഡിനെതിരെ ഹാട്രിക് നേടിയിട്ടുണ്ട്.