
തങ്ങളുടെ നാട്ടിൽ അലഞ്ഞു തിരഞ്ഞു നടക്കുന്ന ആടുകളെ ആർക്ക് വേണമെങ്കിലും സൗജന്യമായി പിടിച്ചുകൊണ്ട് പോകാം എന്ന ഓഫർ മുന്നോട്ടുവച്ചിരിക്കുകയാണ് വിദൂര ഇറ്റാലിയൻ ദ്വീപായ അലികുഡിയിലെ പ്രാദേശിക ഭരണകൂടം.
സിസിലിക്ക് വടക്ക് ഇയോലിയൻ ദ്വീപുകളുടെ ഭാഗമാണ് അലികുഡി എന്ന കുഞ്ഞൻ ദ്വീപ്. വെറും നൂറ് പേർ മാത്രമാണ് ഇവിടെ താമസം. പക്ഷേ ആടുകൾ ആകട്ടെ, ഇതിന്റെ ആറിരട്ടിയുണ്ട്. ഇവിടുത്തെ കൃഷി വ്യാപകമായി നശിപ്പിക്കുന്ന ആടുകൾ നാട്ടുകാർക്ക് തലവേദനയാണ്. തരംകിട്ടിയാൽ വീടിനുള്ളിൽ കടന്നും ഇവ അക്രമങ്ങൾ കാട്ടും.
ഇതോടെയാണ് മേയർ റിക്കാർഡോ ഗുല്ലോ ഒരു പോംവഴി കണ്ടെത്തിയത്. ആർക്ക് വേണമെങ്കിലും ഈ ആടുകളെ ദത്തെടുത്ത് കൂടെ കൊണ്ടുപോകാം. ഇതിനുള്ള അപേക്ഷകൾ ഏപ്രിൽ 10നകം നൽകണം. ആടുകളെ ദ്വീപിലെത്തി പിടിച്ചുകൊണ്ടുപോകാൻ ഒരാൾക്ക് 15 ദിവസം സമയം ലഭിക്കും.
ഇവയെ കൊന്ന് എണ്ണം കുറയ്ക്കുന്നതിനോട് ദ്വീപിലുള്ളവർക്ക് താത്പര്യമില്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചത്. ആടുകൾ കഴിഞ്ഞ 20 വർഷങ്ങളായി ദ്വീപിലുണ്ടെങ്കിലും ഇവിടുത്തെ കുന്നുകളിലും താഴ്‌വരയിലുമായിരുന്നു ഇവയുടെ ജീവിതം.
എണ്ണം പെരുകിയതോടെ ജനവാസ മേഖലയിലായി വാസം. ഒരു കർഷകൻ വളർത്താനായാണ് ആടുകളെ ആദ്യമായി ദ്വീപിലെത്തിച്ചത്. വൈകാതെ ഇദ്ദേഹം ആടുകളെ ദ്വീപിൽ സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കുകയായിരുന്നു.
150,000 വർഷങ്ങൾക്ക് മുമ്പ് നിർജീവമായ ഒരു അഗ്നിപർവതത്തിൽ നിന്ന് രൂപം കൊണ്ട അലികുഡിയിൽ ബോട്ട് മാർഗ്ഗമേ പുറത്ത് നിന്നുള്ളവർക്ക് എത്താനാകൂ. റോഡുകളോ ഹോട്ടലുകളോ ഇല്ല. കഴുതകളെയാണ് ചരക്കുനീക്കത്തിനും മറ്റും ഉപയോഗിക്കുന്നത്.