
കൊല്ലം: പുനലൂരില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസിലേക്ക് അടുക്കുന്നു. പുനലൂരില്‍ വ്യാഴാഴ്ച രേഖപ്പെടുത്തിയ പകല്‍ താപനില 39.8 ഡിഗ്രി സെല്‍ഷ്യസാണ്. പുനലൂരില്‍ ഈ വേനല്‍ക്കാലത്ത് രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന താപനിലയാണിത്. ഈയടുത്ത വര്‍ഷങ്ങളിലൊന്നും ഇത്രയധികം ചൂട് രേഖപ്പെടുത്തിയിട്ടില്ല.
ഇവിടെ രേഖപ്പെടുത്തുന്ന കുറഞ്ഞ താപനിലയിലും വലിയ വര്‍ധനയുണ്ട്. 22.6 ഡിഗ്രി സെല്‍ഷ്യസാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ കുറഞ്ഞ താപനില. കഴിഞ്ഞദിവസങ്ങളില്‍ ഇത് 23 ഡിഗ്രി സെല്‍ഷ്യസായിരുന്നു. സമീപവര്‍ഷങ്ങളിലൊന്നും കുറഞ്ഞ താപനില ഇത്രയധികം ഉയര്‍ന്നിട്ടില്ല.
കൊടുംചൂട് കൊല്ലം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ട്. പുനലൂര്‍ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട പട്ടണങ്ങളിലെല്ലാം പകല്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ജലാശയങ്ങള്‍ വ്യാപകമായി വറ്റിവരണ്ടതും കല്ലടയാറ്റിലുള്‍പ്പെടെ ജലനിരപ്പ് താഴ്ന്നതും കടുത്ത വരള്‍ച്ചയ്ക്കും ഇടയാക്കുന്നു.
കൊടുംചൂടിനിടെയും വ്യാഴാഴ്ച വൈകുന്നേരം പുനലൂരില്‍ മഴ പെയ്തത് നേരിയ ആശ്വാസമായി. അഞ്ച് മണിയോടെ ആരംഭിച്ച മഴ അരമണിക്കൂര്‍ നീണ്ടുനിന്നു.എന്നാല്‍ മഴ പെയിതിട്ടും ചൂടിന് കാര്യമായ ശമനമുണ്ടായില്ല.