
ഒട്ടാവ: കാനഡയുടെ തലസ്ഥാനനായ ടൊറാന്റൊ വേദിയാകുന്ന ഫിഡെ കാൻഡിഡേറ്റ് ചെസിൽ ഇന്ത്യൻ താരങ്ങൾക്കെല്ലാ ആദ്യ റൗണ്ടിൽ സമനില. ആദ്യ റൗണ്ടിൽ ഓൾ ഇന്ത്യൻ മത്സരമായ പുരുഷൻമാരുടെ ഓപ്പൺ വിഭാഗത്തിൽ ഡി.ഗുകേഷും വിദിത് ഗുജറാത്തിയും വനിതാ വിഭാഗത്തിൽ കൊനേരു ഹംപിയും ആർ. വൈശാലിയും സമനിലയിൽ പിരഞ്ഞു. വൈശാലിയുടെ സഹോദരനും ഇന്ത്യൻ ചെസിലെ പുത്തൻ സെൻസേഷനുമായ ആർ.പ്രഗ്‌നാനന്ദ ആറാം റാങ്കുകാരൻ ഫ്രാൻസിന്റെ ഇറാൻ വംശജനായ ഗ്രാൻഡ് മാസ്റ്റർ അലിറസെ ഫിറോസ്ജയെ സമനിലയിൽ കുരുക്കി തുടക്കം ഗംഭീരമാക്കി. ആദ്യ ദിനം നടന്ന എട്ട് മത്സരങ്ങളിൽ ഏഴും സമനിലയിലാണ് അവസാനിച്ചത്.
വനിതാ വിഭാഗത്തിൽ മത്സരിക്കാനിറങ്ങിയ ചൈനീസ് താരം ലി തിംഗ്‌ജിയ്ക്ക് മാത്രമാണ് ആദ്യ ദിനം ജയം നേടാനായുള്ളൂ. നാട്ടുകാരി കൂടിയായ താൻ ഷോഗ്യിയെയാണ് തിംഗ്‌ജി കീഴടക്കിയത്. കറുത്ത കരുക്കളുമായാണ് തിംഗ്‌ജി ജയിച്ചു കയറിയത്.