പൃഥ്വിരാജ് നായകനായി ബ്ളെസി സംവിധാനം ചെയ്ത ആടുജീവിതം വൻ വിജയമാണ് സ്വന്തമാക്കി കൊണ്ടിരിക്കുന്നത്. ആഗോളതലത്തിൽ 100 കോടിയുടെ അരികിലാണ് ചിത്രം. അതിവേഗം 50 കോടി, 75 കോടി എന്നീ റെക്കാഡുകൾ സ്വന്തമാക്കിയ സിനിമ 100 കോടിയിലേക്ക് അടുക്കുന്നു. ഒരു വാരം പിന്നിടുമ്പോൾ ആടുജീവിതം ഇതുവരെ 88 കോടിയിലധികം രൂപ നേടിക്കഴിഞ്ഞു.
ചിത്രം കണ്ട ശേഷം ഓരോ മലയാളികളുടെയും മനസിൽ കയറിയ ആളാണ് നജീബ്. നജീബിന്റെ ജീവിത കഥയാണ് ആടുജീവിതത്തിൽ പറയുന്നത്. അതിനാൽ തന്നെ സിനിമയുടെ ഈ വലിയ വിജയം എങ്ങനെ നജീബിനെ സഹായിക്കുമെന്ന് അറിയാൻ ആരാധകർക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് സംവിധായകൻ ബ്ളെസി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

'അദ്ദേഹത്തിന്റെ സ്വസ്ഥമായ ജീവിതത്തിന് വേണ്ട എല്ലാ സാഹചര്യവും ഒരുക്കി കൊടുത്തിട്ടുണ്ട്. ഒരു വർഷം മുൻപ് തന്നെ ഞങ്ങൾ ജോലി ഓഫർ ചെയ്തതാണ്. പക്ഷേ അത് വേണ്ടയെന്ന് പറഞ്ഞത് നജീബ് തന്നെയാണ്. ഇതിനോടകം പലരും ഇത് ചോദിച്ചത് കൊണ്ടാണ് പറയുന്നത്. ഞാൻ ബെന്യാമിന് കൊടുത്തതിന്റെ പത്ത് ഇരട്ടി തുക നജീബിന്റെ കെെയിൽ എത്തിയിട്ടുണ്ട്. അത് ഞാൻ പോലും കഴിഞ്ഞ ദിവസമാണ് അറിയുന്നത്. നമ്മുടെ ഇടയിൽ പോലും അത് ആര് കൊടുത്തുവെന്ന് ചർച്ച ചെയ്യുന്നില്ല. ഒരിക്കലും ആർക്കും അതിന്റെ കാര്യത്തിൽ ആശങ്ക വേണ്ട,' ബ്ലെസി പറഞ്ഞു.