accident

കോട്ടയം: ട്രാക്ക് അറ്റകുറ്റപ്പണിക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന്‍ മരിച്ചു. കോട്ടയം നീലിമംഗലത്ത് ആണ് സംഭവം. കോട്ടയം നട്ടാശ്ശേരി വടുതലയില്‍ വിജു മാത്യൂ (48) ആണ് മരിച്ചത്. കുമാരനല്ലൂര്‍ തൃക്കയില്‍ കോളനിക്ക് സമീപം ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് അപകടം. കായംകുളം എറണാകുളം മെമു ട്രെയിന്‍ ആണ് വിജുവിനെ ഇടിച്ചത്.

റെയില്‍വേ ട്രാക്കിലെ ലോക്കുകള്‍ ഉറപ്പിക്കുന്നതിനിടെയാണ് അപകടമെന്ന് കൂടെയുണ്ടായിരുന്ന ജീവനക്കാര്‍ പറഞ്ഞു. ഇയര്‍ ബാലന്‍സിംഗ് രോഗാവസ്ഥയുള്ള വിജു ട്രാക്കിലേക്ക് കുഴഞ്ഞുവീണതാകാമെന്നാണ് നിഗമനം. കോട്ടയം റെയില്‍വേ പൊലീസും, ഗാന്ധിനഗര്‍ പൊലീസും സ്ഥലത്തെത്തി. കോട്ടയത്ത് റെയില്‍വേ ക്വാര്‍ട്ടേഴ്സിലാണ് മരിച്ച വിജു താമസിച്ചിരുന്നത്.

രണ്ട് ദിവസം മുമ്പാണ് തൃശൂരില്‍ അന്യസംസ്ഥാന തൊഴിലാളി ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഐയെ തള്ളിയിട്ട് കൊലപ്പെടുത്തിയത്. എറണാകുളം മഞ്ഞുമ്മല്‍ സ്വദേശി വിനോദ് ആണ് കൊല്ലപ്പെട്ടത്. ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിലൂടെ മറ്റൊരു ട്രെയിന്‍ കയറി ഇറങ്ങുകയായിരുന്നു.

ഒഡീഷ സ്വദേശി രജനീകാന്ത എന്നയാളെ ഈ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് ട്രെയിനില്‍ കയറിയ ഇയാളുമായി ടിക്കറ്റ് ഇല്ലാത്തത് സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.