shashank

അഹ്മദാബാദ്: ഇൻസൾട്ടാണ് ഈ ലോകത്തെ ഏറ്റവും വലിയ ഇൻവസ്റ്റ്മെന്റ്... സൂപ്പർ ഹിറ്റ് ചിത്രമായ വെള്ളത്തിലെ ഈ മെഗാഹിറ്റ് ഡയലോഗ് ഐ.പി.എല്ലിലേക്ക് പറിച്ചു നട്ടാൽ തെളിഞ്ഞുവരുന്ന മുഖം ശശാങ്ക് സിംഗെന്ന പഞ്ചാബ് കിംഗ്‌സ് താരത്തിന്റേതാണ്. ആളുമാറി ടീലെടുത്തവനെന്ന കളിയാക്കലുകളും ട്രോളുകളും ഏറെ കേട്ടെങ്കിലും അതൊന്നും ആ മുപ്പത്തിരണ്ടുകാരനെ ഒട്ടും തളർത്തിയില്ല. പരിഹാസങ്ങൾ ഊർജ്ജമാക്കിയ ശശാങ്ക് അധിക്ഷേപങ്ങൾക്കെല്ലാം

മറുപടികൊടുത്തത് തന്റെ ബാറ്റ് കൊണ്ടാണ്. ഗുജറാത്ത് ടൈറ്റൻസിനെതിരെ അസാധ്യമെന്ന് കരുതിയ ജയം പഞ്ചാബിനായി അടിച്ച് നേടിക്കൊടുത്ത ആ രാത്രി അയാൾക്കായി കാലം കാത്തുവച്ച കാവ്യ നീതിയായിരുന്നു.

ഗുജറാത്ത് ഉയർത്തിയ 200 റൺസിന്റെ വിജയം പിന്തുടരുന്നതിനിടെ 9-ാം ഓവറിൽ പഞ്ചാബ് 70/4 എന്ന നിലയിൽ പ്രതിസന്ധിയിലായിരിക്കുമ്പോൾ ക്രീസിലെത്തിയ ശശാങ്ക് 29 പന്തിൽ 6 ഫോറും 4സിക്സും ഉൾപ്പെടെ പുറത്താകാതെ 61 റൺസുമായി ഒരു പന്ത് ബാക്കി നിൽക്കെ ടീമിനെ വിജയതീരത്തെത്തിച്ചു. ഇംപാക്ട് പ്ലെയർ അഷുതോഷ് ശർമ്മയും (27പന്തിൽ 31), ജിതേഷ് ശർമ്മയ്ക്കുമൊപ്പം (8 പന്തിൽ 16), സിക്കന്തർ റാസയ്ക്കുമൊപ്പം (12) നിർണായക കൂട്ടുകെട്ടുണ്ടാക്കിയാണ് ശശാങ്ക് പഞ്ചാബിന് അഹമ്മദാബാദിൽ 3 വിക്കറ്റിന്റെ ജയം സമ്മാനിച്ചത്..

കഴിഞ്ഞ ഐ.പി.എൽ താരലേലത്തിന് പിന്നാലെയാണ ് ശശാങ്ക് സിംഗ് വാ‌ർത്തകളിൽ നിറഞ്ഞത്. യുവ ബംഗാളിതാരം ശശാങ്ക് ആണെന്ന് കരുതിയാണ് പഞ്ചാബ് ചത്തീസ്‌ഗഡ് താരമായ ശശാങ്കിനെ ടീമിലെടുത്തതെന്നായിരുന്നു റിപ്പോർട്ടുകൾ. അബദ്ധം മനസിലാക്കി ആ ലേലം പിൻവലിക്കണമെന്ന് പഞ്ചാബ് അധികൃതർ ആവശ്യപ്പെട്ടെങ്കിലും ലേലം നടത്തിയ മല്ലിക സാഗർ അത് നിയമ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി പിൻവലിക്കാനാകില്ലെന്ന് അറിയിക്കുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലായിരുന്നു. എന്നാൽ പിന്നീട് ഈ ശശാങ്കിനെ തന്നെയാണ് തങ്ങൾ ടീമിലെടുക്കാൻ ആഗ്രഹിച്ചതെന്ന് പറഞ്ഞ് പഞ്ചാബ് ടീം പ്രസ്താവനയിറക്കിയെങ്കിലും പലരും വിശ്വസിച്ചില്ല. അതേസമയംമാച്ച് വിന്നിംഗ് ഇന്നിംഗ്സിനിടെയും ശശാങ്കിന് ഇൻസൾട്ട് നേരിടേണ്ടി വന്നു. 18-ാം ഓവറിൽ അർദ്ധ സെഞ്ച്വറി തികച്ച ശശാങ്കിനെ അഭിനന്ദിക്കാൻ പഞ്ചാബ് ഡഗൗട്ടിൽ സഹതാരങ്ങൾ ആരും തയ്യാറായില്ല. ക്യാപ്ടൻ ശിഖർ ധവാൻ ഉൾപ്പെടെയുള്ളവർ കൈയടിക്കുക പോലും ചെയ്തില്ല. ശശാങ്കിന്റെ കരിയറിലെ ആദ്യ ഐ.പി.എൽ ഫിഫ്‌റ്റിയായിരുന്നു ഇത്.