pic

ടെൽ അവീവ്: ഗാസയിൽ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ അനന്തര ഫലമുണ്ടാകുമെന്ന യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ മുന്നറിയിപ്പിന് പിന്നാലെ ഗാസയിലേക്ക് കൂടുതൽ സഹായമെത്താൻ വഴിയൊരുക്കി ഇസ്രയേൽ. സഹായ വിതരണത്തിന് വടക്കൻ ഗാസയുമായുള്ള ഇറേസ് അതിർത്തി താ‌ത്കാ‌ലികമായി തുറക്കും. ഒക്ടോബർ 7ന് രാജ്യത്തുണ്ടായ ഹമാസ് ഭീകരാക്രമണത്തിന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഇറേസ് അതിർത്തി തുറക്കുന്നത്. ഇറേസ് അതിർത്തി വഴിയാണ് ഭീകരർ ഇസ്രയേലിലേക്ക് നുഴഞ്ഞുകയറിയത്. കൂടാതെ, രാജ്യത്തെ അസ്ദോദ് തുറമുഖം വഴിയും ഇനി ഗാസയിലേക്ക് സഹായമെത്തിക്കാം. തെക്കൻ ഗാസയ്ക്കും ഇസ്രയേലിനും ഇടയിലെ കരീം ഷാലോം അതിർത്തിയിലൂടെ ജോർദ്ദാന്റെ കൂടുതൽ സഹായമെത്തിക്കുമെന്നും ഇസ്രയേൽ അറിയിച്ചു.

വ്യാഴാഴ്ച രാത്രി ബൈഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി 30 മിനിറ്റോളം ഫോണിൽ സംസാരിച്ചിരുന്നു. ഇതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് ഗാസയിലേക്ക് കൂടുതൽ സഹായങ്ങളെത്തിക്കാനുള്ള ഇസ്രയേലിന്റെ തീരുമാനം.

ഗാസയിലെ സാഹചര്യം അംഗീകരിക്കാനാകില്ലെന്നും പ്രശ്‌ന പരിഹരിക്കാൻ ഉടൻ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അനന്തരഫലങ്ങളുണ്ടാകുമെന്നും ബൈഡൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയിരുന്നു.

 നയം വ്യക്തമാക്കി ബൈഡൻ

ചൊവ്വാഴ്ച ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനിടെ യു.എസ് ആസ്ഥാനമായുള്ള വേൾഡ് സെൻട്രൽ കിച്ചൺ (ഡബ്ല്യു.സി.കെ)​ സംഘടനയിലെ യു.എസ് പൗരനടക്കം ആറ് വിദേശ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു. ഇതിന് ശേഷം ബൈഡൻ ആദ്യമായാണ് നെതന്യാഹുവിനോട് സംസാരിക്കുന്നത്.

സന്നദ്ധ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ബൈഡൻ വ്യക്തമാക്കി. ഗാസ വിഷയത്തിൽ സാധാരണക്കാരുടെ ദുരിതം ഇസ്രയേൽ എങ്ങനെ കുറയ്ക്കുന്നു എന്നതിന് അനുസരിച്ചാകും യു.എസിന്റെ നയം. മാനുഷിക ദുരിതങ്ങൾ പരിഹരിക്കാനുള്ള നടപടികൾ ഇസ്രയേൽ ഉടൻ നടപ്പാക്കണമെന്നും ബൈഡൻ ചൂണ്ടിക്കാട്ടി.

അതേ സമയം,​ ഇസ്രയേലിന്റെ സ്വയം പ്രതിരോധത്തിനുള്ള യു.എസ് പിന്തുണ ശക്തമായി തുടരുമെന്നും അതിനുള്ള സഹായങ്ങൾ നൽകുന്നതിൽ നിന്ന് പിന്നോട്ടില്ലെന്നും വൈ​റ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജോൺ കിർബി ഇന്നലെ വ്യക്തമാക്കി.

 സൈനികരെ പുറത്താക്കി

ഗാസയിലെ ആക്രമണത്തിനിടെ വിദേശ സന്നദ്ധ പ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് ഉന്നത ഉദ്യോഗസ്ഥരെ ഇസ്രയേൽ സൈന്യം പുറത്താക്കി. മൂന്ന് പേർക്ക് കർശന താക്കീത് നൽകി.

ഈ ഉദ്യോഗസ്ഥർ നിർണായക വിവരങ്ങൾ തെറ്റായി കൈകാര്യം ചെയ്തെന്നും കൃത്യ നിർവഹണത്തിൽ ഗുരുതര വീഴ്ച വരുത്തിയെന്നും ഇസ്രയേൽ അറിയിച്ചു. ആക്രമണം ബോധപൂർവ്വമല്ലെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും നെതന്യാഹു നേരത്തെ വ്യക്തമാക്കിയിരുന്നു.