
കൊളംബോ : ശ്രീലങ്കൻ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന 24 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ മോചിപ്പിച്ചു. സമുദ്രാതിർത്തി ലംഘിച്ച് അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് തമിഴ്നാട് സ്വദേശികളായ ഇവരെ കഴിഞ്ഞ മാസം ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുകയായിരുന്നു.
ജാഫ്നയിലെ ഇന്ത്യൻ കോൺസുലേറ്റിന് കൈമാറിയ ഇവരെ ഉടൻ ചെന്നൈലെത്തിക്കും. അതേ സമയം, ഒരു മത്സ്യത്തൊഴിലാളിയെ ആറ് മാസം തടവിന് ശിക്ഷിച്ചു. ശ്രീലങ്കൻ നാവിക സേന പിടികൂടിയ 19 ഇന്ത്യൻ മത്സ്യത്തൊഴിലാളികൾ അടുത്തിടെ ചെന്നൈയിലെത്തിയിരുന്നു.
സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിൽ ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്യുന്നത് പതിവായിരിക്കുകയാണ്. 2023ൽ 240 പേരാണ് ഇത്തരത്തിൽ അറസ്റ്റിലായത്.