
ന്യൂഡൽഹി: ചണ്ഡിഗർ മേയർ തിരഞ്ഞെടുപ്പിൽ അട്ടിമറി നടത്തിയതിന് അതിരൂക്ഷ വിമർശനമേറ്റ പ്രിസൈഡിംഗ് ഓഫീസർ അനിൽ മസിഹ് സുപ്രീംകോടതിയിൽ നിരുപാധികം മാപ്പുപറഞ്ഞു. അനിൽ മസിഹ് എട്ട് ബാലറ്റ് പേപ്പറുകളിൽ മനഃപൂർവം മാറ്റങ്ങൾ വരുത്തിയെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രോസിക്യൂട്ട് ചെയ്യുന്നതിന് മുൻപായുള്ള നടപടിക്കും തുടക്കമിട്ടു. ക്രിമിനൽ നടപടി ക്രമം അനുസരിച്ച് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതിനിടെയാണ് ഇന്നലെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന് മുന്നിൽ നിരുപാധികം മാപ്പുപറഞ്ഞത്. ബാലറ്റിൽ നേരത്തേ തന്നെ രൂപമാറ്രമുണ്ടായിരുന്നുവെന്നും മറ്റുള്ളവയ്ക്കൊപ്പം കൂടിക്കലരാതിരിക്കാനാണ് ശ്രമിച്ചതെന്നുമുള്ള വിശദീകരണമാണ് വരണാധികാരി നേരത്തെ നൽകിയത്. എന്നാൽ, അനിൽ മസീഹ് അന്ന് മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അഭിഭാഷകൻ ഇന്നലെ അറിയിച്ചു. കേസ് ജൂലായിൽ പരിഗണിക്കാനായി കോടതി മാറ്റി.