
പാലക്കാട്: വീട്ടമ്മയെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച അയൽവാസി അറസ്റ്റിൽ. അയൽവാസിയും സുഹൃത്തുമായ രാജൻ ചാലിശ്ശേരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതര പരിക്കേറ്റ ചാലിശ്ശേരി സിവിൽ സപ്ലെെസ് ഗോഡൗണിലെ ജീവനക്കാരിയായ ബബിതയെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാലക്കാട് ചാലിശ്ശേരി കമ്പനിപ്പടിയിലാണ് സംഭവം നടന്നത്. വെള്ളിയാഴ്ച രാവിലെ അഞ്ചരക്ക് ശേഷമാണ് ബബിതയെ പ്രതി ആക്രമിച്ചത്.
ഇരുമ്പ് വടിയുമായി വീട്ടിലെത്തിയ രാജൻ വീട്ടമ്മയെ തലക്കടിച്ചും കുത്തിയും വീഴ്ത്തുകയായിരുന്നു. ഈ സമയത്ത് ബബിതയുടെ ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ആക്രമിച്ച വിവരം അയൽവാസികളെ പ്രതി തന്നെയാണ് അറിയിച്ചതെന്നാണ് വിവരം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ട് കുട്ടികളുടെ അമ്മയാണ് ബബിത.