
പാലക്കാട്: വീട്ടമ്മയെ കമ്പിപ്പാര ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചു. പാലക്കാട് ചാലിശ്ശേരി കമ്പനിപ്പടിയില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. സിവില്‍ സപ്ലൈസിലെ ജീവനക്കാരിയായ ബബിതയെയാണ് സുഹൃത്തും അയല്‍വാസിയുമായ രാജന്‍ ആക്രമിച്ചത്. ബബിതയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജനെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് കുട്ടികളുടെ അമ്മയായ ബബിത കഴിഞ്ഞ ഒരുമാസമായി ഭര്‍ത്താവുമായി പിണങ്ങി മാറി നില്‍ക്കുകയായിരുന്നു. ഈ സമയം രാജന്റെയൊപ്പമാണ് താമസിച്ചത്. നാല് ദിവസങ്ങള്‍ക്ക് മുമ്പ് ബബിത രാജനുമായി വഴക്ക് കൂടി പിണങ്ങുകയും ഭര്‍ത്താവിന്റെ അടുത്തേക്ക് മടങ്ങുകയും ചെയ്തിരുന്നു.
ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് ബബിത ആക്രമണത്തിനിരയായത്. ഇരുമ്പ് വടിയുമായി വീട്ടിലെത്തിയ പ്രതി വീട്ടമ്മയെ തലക്കടിച്ചും കുത്തിയും വീഴ്ത്തുകയായിരുന്നു. ഈ സമയത്ത് ബബിതയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലായിരുന്നു. ആക്രമിച്ച വിവരം പ്രതി തന്നെയാണ് അയല്‍വാസികളെ അറിയിച്ചത്.
ഭര്‍ത്താവിന്റെ അടുത്തേക്ക് തിരിച്ചെത്തിയതിലെ വൈരാഗ്യമാണ് ആക്രമണത്തിന് ഇടയാക്കിയത്. ബബിതയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതി ഭര്‍ത്താവിന്റെ അടുത്ത ബന്ധു കൂടിയാണ്. സംഭവത്തില്‍ ചാലിശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.