
ന്യൂയോർക്ക്: കൊക്ക കോള കുപ്പിയാണെന്ന് കരുതിയെങ്കിൽ തെറ്റി. കൊക്ക കോള കുപ്പിയുടെ മാതൃകയിൽ നിർമ്മിച്ച ഒരു ഹാൻഡ് ബാഗാണ് ഇത്. ഒറിജിനലിനെ വെല്ലും തരത്തിലുള്ള ഈ കൊക്ക കോള ബാഗ് അത്ര നിസാരക്കാരനല്ല. 120 കാരറ്റ് ഭാരമുള്ള 9,888 ഡയമണ്ടുകളാണ് ബാഗിൽ കൊത്തിവച്ചിട്ടുള്ളത്. ഹോങ്കോങ്ങ് ആസ്ഥാനമായുള്ള ആരോൺ ഷം ജൂവലറി ലിമിറ്റഡാണ് ഈ ബാഗിന്റെ നിർമ്മാതാക്കൾ.
2018ൽ സ്വിറ്റ്സർലൻഡിൽ നടന്ന ഒരു ഷോയ്ക്കിടെയാണ് ഇവർ ഇത് ആദ്യമായി അവതരിപ്പിച്ചത്. ഏറ്റവും കൂടുതൽ ഡയമണ്ടുകൾ പതിച്ച ഹാൻഡ് ബാഗ് എന്ന ഗിന്നസ് ലോക റെക്കോഡും നേടി. ഏകദേശം 100 ദിവസം കൊണ്ട് അതിവിദഗ്ദ്ധരായ 15 കലാകാരൻമാർ ചേർന്നാണ് ബാഗിനെ നിർമ്മിച്ചത്. ബാഗിൽ 8,543 കറുത്ത ഡയമണ്ടുകളും 1,345 നിറമില്ലാത്ത ഡയമണ്ടുകളുമാണുള്ളത്.
2015ൽ 400 കാരറ്റ് ഡയമണ്ടുകളോടെയുള്ള 20 ലക്ഷം ഡോളർ വിലവരുന്ന ഗിറ്റാർ ആരോൺ ഷം ജൂവലറി ലിമിറ്റഡ് അവതരിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും മൂല്യമേറിയ ഗിറ്റാറാണിത്. അതുപോലെ തന്നെ, ഏറ്റവും കൂടുതൽ രത്നങ്ങൾ പതിച്ച ഗിറ്റാറും ഇവരുടെ സൃഷ്ടിയാണ്.
2016ൽ അവതരിപ്പിച്ച ഈ ഗിറ്റാറിൽ 16,033 സ്വരോവ്സകി ജെംസ്റ്റോണുകളാണ് ഘടിപ്പിച്ചിട്ടുള്ളത്. പോപ് ചക്രവർത്തി മൈക്കൽ ജാക്സന്റെ സഹോദരനും അമേരിക്കൻ ഗായകനുമായ ജെർമയ്ൻ ജാക്സൺ ഈ ഗിറ്റാർ വായിച്ചിരുന്നു.