
കൊച്ചി: മൂവാറ്റുപുഴ വാളകത്ത് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ് (26) മരിച്ചത് ആൾക്കൂട്ട മർദനത്തെത്തുടർന്നെന്ന് പൊലീസ്. കസ്റ്റഡിയിലെടുത്ത പത്തുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി. വിജീഷ്, അനീഷ്, സത്യൻ, സൂരജ്, കേശവ്, ഏലിയാസ് കെ പോൾ, അമൽ, അതുൽകൃഷ്ണ, എമിൽ, സനൽ എന്നിവരാണ് അറസ്റ്റിലായത്. ഇവരെല്ലാം വാളകം സ്വദേശികളാണ്.
മര്‍ദനത്തെ തുടര്‍ന്നുണ്ടായ മുറിവും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നത്. തലക്കും നെഞ്ചിനുമേറ്റ മര്‍ദനമാണ് മരണകാരണമെന്ന് പൊലീസും വ്യക്തമാക്കി.
പെണ്‍സുഹൃത്തിനെ കാണാനെത്തിയപ്പോൾ ചോദ്യം ചെയ്ത് മര്‍ദിക്കുകയായിരുന്നു. ഓടി രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ വീണ്ടും പിടികൂടി തൂണിൽ കെട്ടിയിട്ട് മര്‍ദനം തുടര്‍ന്നു. സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും പൊലീസ് വ്യക്തമാക്കി. പിടിയിലായവർക്കെതിരെ പെണ്‍സുഹൃത്തും പൊലീസിന് മൊഴി നല്‍കിയിരുന്നു.
വ്യാഴാഴ്ച്ച രാത്രിയാണ് അശോക് ദാസിന് മർദനമേല്‍ക്കുന്നത്. തുടർന്ന് അവശനിലയിലായ അശോകിനെ പുലര്‍ച്ചെ തന്നെ പൊലീസെത്തി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ മരണം സംഭവിച്ചിരുന്നു.
പോസ്റ്റ്മോർട്ടത്തിനുശേഷം അശോക് ദാസിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബന്ധുക്കൾ മൂവാറ്റുപുഴയിലേക്ക് എത്തിയതിനു ശേഷമായിരിക്കും തുടര്‍നടപടികളുണ്ടാകുക.