driving-test-

ആലപ്പുഴ: മേയ് മാസത്തേക്ക് ഡ്രൈവിംഗ് ടെസ്റ്റിനായി മാസങ്ങൾക്ക് മുമ്പേ ഓൺലൈനിൽ സ്ളോട്ട് ബുക്ക് ചെയ്തിരുന്ന 70ഓളം പേരുടെ ബുക്കിംഗ് വ്യാഴാഴ്ച മോട്ടോർ വാഹന വകുപ്പ് റദ്ദാക്കിയത് പരീക്ഷാർത്ഥികൾക്ക് തിരിച്ചടിയായി. മദ്ധ്യവേനലവധിക്കാലത്ത് ഡ്രൈവിംഗ് പഠനം ലക്ഷ്യമിട്ട് ലേണേഴ്സിന് അപേക്ഷിക്കുന്നവർക്കും പരിഷ്കാരം വിനയായി.

ഡ്രൈവിംഗ് ലൈസൻസിനുള്ള ടെസ്റ്റ് കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അടുത്തമാസം ഒന്നാംതീയതി മുതൽ പുതിയപരിഷ്കാരങ്ങൾ നടപ്പാക്കാനിരിക്കെ, സർക്കാർ ഉത്തരവനുസരിച്ചുള്ള സൗകര്യങ്ങൾ ഒരുക്കാൻ മോട്ടോർ വാഹന വകുപ്പ് നെട്ടോട്ടമോടുകയാണ്. പാരലൽ (സമാന്തര), ആംഗുലാർ (കോണീയ) പാർക്കിംഗുകൾക്കും സിഗ് സാഗ് ഡ്രൈവിംഗ് , ഗ്രേഡിയന്റ് ടെസ്റ്റ് എന്നിവയ്ക്കുമുള്ള ട്രാക്കുകൾക്കും മറ്റ് സൗകര്യങ്ങൾക്കുമായി കുറഞ്ഞത് അര ഏക്ക‌ർ സ്ഥലമാണ് ഓരോ ജോയിന്റ് ആർ.ടി.ഒ ഓഫീസുകളിലും കണ്ടെത്തേണ്ടത്.

ഇതിനായി റവന്യൂ വകുപ്പിനും തദ്ദേശസ്ഥാപനങ്ങൾക്കും മോട്ടോർ വാഹന വകുപ്പ് കത്ത് നൽകിയെങ്കിലും മാവേലിക്കര ജോയിന്റ് ആർ.ടി. ഒ ഓഫീസ് പരിധിയിലെ ചുനക്കരയിൽ മാത്രമാണ് അര ഏക്കർ സ്ഥലം കണ്ടെത്താനായത്. കുട്ടനാട് ജോയിന്റ് ആർ.ടി.ഒ ടൈറ്റാനിക് ജംഗ്ഷന് സമീപം സ്വകാര്യ വ്യക്തിയുടെ അര ഏക്കർ സ്ഥലം വാടകയ്ക്കെടുക്കുന്നതിന് മോട്ടോർ വാഹന വകുപ്പിന് കത്ത് നൽകി അനുമതി കാത്തിരിക്കുകയാണ്. ആലപ്പുഴ, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ ആർ.ടി.ഓഫീസുകൾക്ക് സ്ഥലം കണ്ടെത്താനായിട്ടില്ല. കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാടും കായംകുളത്തും മാവേലിക്കരയിൽ മാവേലിക്കര ടൗണിലും കരിമുളയ്ക്കലുമായി രണ്ടിടങ്ങളിൽ വീതമാണ് ടെസ്റ്റ് നടത്തിയിരുന്നത്. പരിഷ്കാരം നടപ്പിലായാൽ ഇവിടങ്ങളിൽ ഒരു സ്ഥലത്താകും ടെസ്റ്റ് നടക്കുക.

പരിഷ്കാരം വെല്ലുവിളി

1. പുതിയ പരിഷ്കാരം ആരംഭിക്കാൻ അവശേഷിക്കുന്നത് മൂന്നാഴ്ച മാത്രമെന്നത് വെല്ലുവിളി

2.സ്ഥലം വാടകയ്ക്കെടുക്കാനായാലും വിലയ്ക്ക് വാങ്ങാനായാലും സർക്കാർ പണം അനുവദിക്കണം

3.തിരഞ്ഞെടുപ്പ് മാനദണ്ഡം നിലനിൽക്കെ പുതിയ പദ്ധതികൾക്ക് പണം അനുവദിക്കുന്നതിൽ തടസമുണ്ട്

4. പരീക്ഷാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും പ്രാഥമികാവശ്യങ്ങൾക്കും വിശ്രമിക്കാനും സൗകര്യം ഒരുക്കാനും പണം വേണം

5.സർക്കാർ കടുത്ത ധന പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ പണം എവിടെ നിന്ന് കണ്ടെത്തുമെന്ന് ഉറപ്പില്ല

6. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പരിഷ്കാരം നീട്ടിവച്ചേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും വ്യക്തതയില്ല

മദ്ധ്യവേനലവധി ഡ്രൈവിംഗ് പഠനത്തിന് വിനിയോഗിക്കാമെന്ന് കരുതിയിരുന്നവർക്ക് പരിഷ്കാരം വിനയായി. ഡ്രൈവിംഗ് ടെസ്റ്റിന് 30 പേർക്ക് മാത്രമേ ഒരു ദിവസം അവസരം നൽകുന്നുള്ളൂ. ഇത് ഡ്രൈവിംഗ് സ്കൂളുകളെയും പരിശീലകരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

- ഡ്രൈവിംഗ് സ്കൂൾ ഉടമകൾ