
ടെഹ്‌റാൻ: സിറിയയിലെ കോൺസുലേറ്റിൽ ഇസ്രായേൽ ബോംബാക്രമണം നടത്തിയ സംഭവത്തിൽ യുഎസ് ഇടപെടരുതെന്ന് ഇറാൻ. സംഭവത്തിൽ യുദ്ധത്തിന് തയ്യാറാണെന്ന് ഇറാന്റെ പിന്തുണയുളള ഹിസ്‌ബുല്ല ഗ്രൂപ്പും അറിയിച്ചു. യുഎസിനോട് ഇസ്രായേൽ പ്രധാനമന്ത്രിയായ ബെഞ്ചമിൻ നെതന്യാഹുവിന്റെ കെണിയിൽ വീഴരുതെന്ന് ഇറാനിന്റെ രാഷ്ട്രീയകാര്യ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ജംഷീദി മുന്നറിയിപ്പ് നൽകി. എക്സിലൂടെയായിരുന്നു പ്രതികരണം.
അമേരിക്കയുടെ ലക്ഷ്യങ്ങളിൽ ഇടപെടരുതെന്ന് യുഎസ് പ്രതികരിച്ചതായും ജംഷീദി അറിയിച്ചു. എന്നാൽ യുഎസ് ഭരണകൂടത്തിന് ഇറാൻ അയച്ചെന്ന് അവകാശപ്പെടുന്ന സന്ദേശത്തിന് യുഎസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, യുഎസ് ജാഗ്രതയിലാണെന്നും ഇസ്രായേലിന്റെയോ അല്ലെങ്കിൽ അമേരിക്കയുടെയോ ലക്ഷ്യങ്ങൾക്കെതിരെ ഇറാനിൽ നിന്ന് ആക്രമണം നേരിടാൻ തയാറെടുക്കുകയാണെന്നുമാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തത്. ഇസ്രായേലിൽ സൈനികർക്ക് നേരെയോ രഹസ്യ അന്വേഷണ ഏജൻസികൾക്ക് നേരെയോയുളള ആക്രമണമാണ് യുഎസ് കണക്കുകൂട്ടുന്നെതെന്നാണ് എൻബിസി റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡമാസ്കസിലെ മെസെ ജില്ലയിലുള്ള ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് ഇറാനിയൻ ജനറൽ ഉദ്യോഗസ്ഥരുൾപ്പടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്. പ്രധാന കെട്ടിടത്തിന് ചേർന്നുള്ള ഓഫിസും ആക്രമണത്തിൽ തകർന്നിരുന്നു. സംഭവത്തിൽ അറിവില്ലായിരുന്നുവെന്നാണ് യുഎസ് ഇറാനെ അറിയിച്ചത്. മിഡിൽ ഈസ്റ്റിലുള്ള യുഎസ് താവളങ്ങൾക്കും സേനകൾക്കും നേരെ ആക്രമണമുണ്ടാകുന്നത് തടയാനാണ് യുഎസ് ശ്രമിക്കുന്നതെന്നാണ് റിപ്പോർട്ട്.
ഇസ്രായേലിനെതിരെ കടുത്ത പ്രതികരണം നടത്തുമെന്ന് ഇറാൻ പറയുമ്പോഴും ആക്രമണം നേരിട്ടാണോ അതോ ഹിസ്‌ബുല്ലയിലൂടെയാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല, ഇറാന്റെ പിന്തുണയുള്ള ഹമാസ് ഗാസയിൽ നടത്തുന്ന തിരിച്ചടിക്കും ഇറാനിൽ നിന്നുള്ള ഭീഷണിക്കുമുളള മറുപടിയാണ് ഈ ആക്രമണമെന്നാണ് വിലയിരുത്തൽ.
അതേസമയം, ഇറാനിൽ നിന്നും തിരിച്ചടി പ്രതീക്ഷിക്കുന്ന ഇസ്രായേൽ കടുത്ത ജാഗ്രതയിലാണ്. യുദ്ധ സൈനികർക്കുള്ള അവധി റദ്ദാക്കുകയും റിസർവ് സൈനികരെ വിളിച്ചുവരുത്തുകയും വ്യോമ പ്രതിരോധം ശക്തിപ്പെടുത്തുകയും ചെയ്തു. ഇറാൻ ആക്രമണം ഉറപ്പായും നടത്തുമെന്നും ഇസ്രായേൽ ഏത് യുദ്ധത്തിനും തയ്യാറാണെന്നും ഹിസ്‌ബുല്ല നേതാവ് ഹസൻ നസ്‌റല്ല കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.