radhika-sarathkumar

വിരുതുനഗർ: 'വിജയം, അത് സംഭവിക്കും....'വിരുതുനഗറിലെ ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫീസ് വളപ്പിൽ പാർട്ടി യോഗത്തിൽ സംസാരിക്കുകയാണ് രാധിക ശരത്‌കുമാർ. അടുത്ത് ഭർത്താവ് ശരത്‌കുമാർ. ''നമ്മ വാഴ്കയിൽ തോൽവിയിൽ ഇരുന്ത് കത്തുക്കറോം. അന്ത തോൽവിയിൽ ഇരുന്ത് കത്ത്‌കിട്ട് മേലില വന്തത് താൻ ഭാരതീയ ജനതാ കക്ഷി..? (തോൽവിയിൽ നിന്നാണ് പാഠം പഠിക്കുന്നത്. അങ്ങനെ പാഠം പഠിച്ച് മുകളിൽ എത്തിയ പാർട്ടിയാണ് ബി.ജെ.പി). ദിലീപ് നായകനായ 'രാമലീല'യിൽ രാഷ്ട്രീയനേതാവായ രാഗിണി രാഘവനെ അവതരിപ്പിച്ചത് രാധികയായിരുന്നു. സിനിമയിലെ പ്രചാരണ സീനിലെ കൈ വീശലോടെയാണ് അവർ എത്തിയത്.

ശരത്‌കുമാറിനെ 'എൻ നാട്ടാമെ' എന്നാണ് രാധിക വിശേഷിപ്പിക്കുന്നത്. വമ്പൻഹിറ്റാണ് ശരത്‌കുമാർ നായകനായ 'നാട്ടാമെ'. ഫാക്ടറികളിൽ ജോലി ചെയ്യുന്ന സ്ത്രീകളെ ഞാൻ കണ്ടു. ഒരു വീട്ടമ്മയുടെ ഒരു കൈയിൽ മലിന ജലവും മറ്റേ കൈയിൽ ചാരായവും കണ്ടു. മലിനജലമാണ് കുട്ടികൾ കുടിക്കുന്നത്. ചാരായം ഭർത്താവ് കുടിച്ച് കുടുംബത്തെ നാശമാക്കുന്നുവെന്നു പറഞ്ഞു. എന്തു കഷ്ടമാണിത്?

''ഒരു കുടുംബതലൈവിയായി നിന്ത് ഞാൻ സൊൽകിറേൻ, നാട്ടുക്ക് നല്ലത് നടക്കണം. ഇതു താൻ നാട്ടാമെയുടെ വാക്ക്...'' കരഘോഷത്തിൽ രാധിക തുടർന്നു.. ''ഇത് എനക്ക് നീങ്ക കൊടുക്ക വെട്രി അല്ലൈ, നരേന്ദ്ര മോദിജി അവർകൾക്ക് കൊടുക്കിത വെട്രി. അണ്ണാമലൈ അവർകൾക്ക് കൊടിക്കിറ വെട്രി.''

അവസാനം സംസാരിച്ച ശരത്‌കുമാർ മന്ത്രി ഉദയനിധി സ്റ്റാലിനെ നിശിതമായി വിമർശിച്ചു.

താരപ്പോരാട്ടമാണ് കാമരാജിന്റെ ജന്മസ്ഥലമായ വിരുതുനഗറിൽ. അന്തരിച്ച വിജയകാന്തിന്റെ മകനും നടനുമായ വിജയ് പ്രഭാകരൻ ‌ഡി.എം.ഡി.കെ സ്ഥാനർത്ഥി. സിറ്റിംഗ് എം.പി.ബി മാണിക്യം ടാഗോറാണ് കോൺഗ്രസ് സ്ഥാനാർത്ഥി.

രാധികയും ശര‌ത്‌കുമാറും കേരളകൗമുദിയോട്

ഇതുവരെയുള്ള വിലയിരുത്തൽ?

രാധിക: നമ്മൾ ജോലി ചെയ്യുന്നു. വിജയം തേടിവരും.

എന്തുകൊണ്ട് ബി.ജെ.പിയിൽ?

''ബി.ജെ.പി ദേശീയ പാർട്ടിയാണ്. ദേശത്തിന്റെ നന്മയ്ക്ക് പ്രവർത്തിക്കുന്നത്. ജനോപകാര പദ്ധതികളും വികസനവും കൊണ്ടുവരുന്നു.

പ്രധാന എതിരാളി ഡി.എം.കെയാണോ എ.ഡി.എം.കെയാണോ?

''എതിരാളികളെ പറ്റി ചിന്തിക്കുന്നില്ല. വിജയത്തെ പറ്റി മാത്രം ചിന്തിക്കുന്നു.

എത്ര സീറ്റുകളിൽ വിജയിക്കും?

ശരത്‌കുമാർ: തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി 40 സീറ്റിലും വിജയിക്കും.

കേരളത്തിൽ ബി.ജെ.പി വിജയിക്കുമോ?

അവിടെ നിശബ്ദവിപ്ലവം നടക്കുന്നുണ്ട്. കേരളത്തിലും ബി.ജെ.പി വിജയിക്കും.