trip

കൊച്ചി: ഈ ചൂടൊന്ന് തണുപ്പിക്കാൻ കുട്ടികൾക്കൊപ്പം യാത്രപോയാൽ അടിപൊളിയാവില്ലേ?. എന്നാൽ ഒട്ടും മടിക്കേണ്ട ആനവണ്ടി റെഡിയാണ്. അവധിക്കാലം ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സിയുടെ ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ട്രിപ്പുകൾക്ക് തുടക്കം. കാടും മലകളും താണ്ടിയുള്ള യാത്രയ്ക്ക് പോകാൻ റെഡിയാകാം. മറയൂർ, ചതുരംഗപാറ, മലക്കപ്പാറ, വട്ടവട, രാമക്കൽമേട്, അഞ്ചുരുളി, മാമലക്കണ്ടം, വാഗമൺ, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് വിനോദയാത്രകൾ ക്രമീകരിച്ചിരിക്കുന്നത്.


ആനവണ്ടിയിൽ അവധിക്കാല ഉല്ലാസയാത്രകൾ ബഡ്ജറ്റ് ടൂറിസം സെൽ എറണാകുളം ജില്ലയിലെ 9 ഡിപ്പോകളിൽ ക്രമീകരിച്ചിട്ടുണ്ട്.
എറണാകുളം, ആലുവ, പിറവം, കൂത്താട്ടുകുളം, കോതമംഗലം ഡിപ്പോകളിൽനിന്ന് നിലവിൽ നടത്തുന്ന യാത്രകൾക്ക് പുറമെ പുതിയ സ്ഥലങ്ങളിലേക്കും യാത്രകൾ ക്രമീകരിച്ചിട്ടുണ്ട്. റെസിഡന്റ്സ് അസോസിയേഷൻ, കുടുംബശ്രീ, ചങ്ങാതിക്കൂട്ടങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയ 50പേര് അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ബസ് ബുക്കുചെയ്ത് പോകാനുള്ള സൗകര്യം ഡിപ്പോകളിൽ ഒരുക്കിയിട്ടുണ്ട്.

നോർത്ത് പറവൂർ, അങ്കമാലി, പെരുമ്പാവൂർ, മൂവാറ്റുപുഴ ഡിപ്പോകളിൽനിന്ന് വിഷുവിനുശേഷം വേനൽ അവധി യാത്രകൾ ആരംഭിക്കും. ഏപ്രിൽ 6, 7, 10, 13, 14, 20, 21, 27, 28 എന്നീ ദിവസങ്ങളിലാണ് ട്രിപ്പുകൾ. അതിരപ്പള്ളി വാഴച്ചാൽവഴി 65 കിലോമീറ്റർ കാനനയാത്ര സമ്മാനിക്കുന്ന മലക്കപ്പാറയാത്രയും മൊട്ടക്കുന്നുകളുടെ ഭംഗിയും പരുന്തുംപാറയിലെ കോടമഞ്ഞും ആസ്വദിക്കാൻ വാഗമൺയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.

ബുക്കിംഗ്

പ്രശാന്ത് വേലിക്കകം എറണാകുളം, കോട്ടയം ബഡ്ജറ്റ് ടൂറിസം ജില്ലാ കോ ഓർഡിനേറ്റർ- 9447223212

എറണാകുളം- 8129134848

പിറവം- 9446206897

കൂത്താട്ടുകുളം- 9497415696

കോതമംഗലം- 9846926626

ആലുവ- 9747911182

വിഷുവിന് ശേഷം തുടങ്ങുന്നവ

നോർത്ത് പറവൂർ- 9745962226

അങ്കമാലി- 9847751598

പെരുമ്പാവൂർ- 7558991581

മൂവാറ്റുപുഴ- 9447737983

രണ്ടുവർഷംകൊണ്ട് 232 സുന്ദരയാത്രകൾ

കൂത്താട്ടുകുളം: കെ.എസ്.ആർ.ടി.സി. കൂത്താട്ടുകുളം ബഡ്ജറ്റ് ടൂറിസംസെല്ലിന്റെ 232-ാം ട്രിപ്പ് ഏപ്രിൽ 10ന്. മറയൂർ -കാന്തല്ലൂർ യാത്രയാണിത്.

2022 ഏപ്രിൽ 10 നാണ് ഇടുക്കി -അഞ്ചുരുളിയിലേക്കുള്ള ആനവണ്ടി ഉല്ലാസയാത്രയുടെ കന്നിയാത്രക്ക് തുടക്കമായത്. മൂന്നു ജില്ലകളുടെ സംഗമസ്ഥാനമായ കൂത്താട്ടുകുളത്ത് വിനോദയാത്രകൾക്ക് നല്ല പ്രതികരണമാണ്. റെസിഡന്റ്സ് അസോസിയേഷനുകൾ, ചങ്ങാതിക്കൂട്ടങ്ങൾ, വായനശാലകൾ, വിവിധ സ്ഥാപനങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, ഓഫീസ് ഗ്രൂപ്പുകൾ എന്നിങ്ങനെ ഉല്ലാസപാക്കേജുകളിൽ ആഹ്ലാദത്തോടെ പങ്കുചേർന്നവർ നിരവധി. സ്ത്രീകൾക്ക് മാത്രമായി സൗഹൃദയാത്രയും ഒരുക്കി. എ.ടി.ഒ എ.ടി. ഷിബു, കൺട്രോളിംഗ് ഇൻസ്‌പെക്ടർ കെ.ആർ. രോഹിണി, യൂണിറ്റ് കോ -ഓർഡിനേറ്റർമാരായ സി.എസ്. രാജീവ്‌കുമാർ, കെ. സുജിത് എന്നിവരാണ് നേതൃത്വം.


മറയൂർ -കാന്തല്ലൂർ ട്രിപ്പിന് ചാർജ് 830രൂപ

മറയൂർ -കാന്തല്ലൂർ, ഇല്ലിക്കകല്ല് - ഇലവീഴാപ്പൂഞ്ചിറ, മാട്ടുപ്പെട്ടി -വട്ടവട, തിരുവനന്തപുരം -കോവളം, ഗവി, തെന്മല -പാലരുവി, ചതുരംഗപാറ-പൂപ്പാറ, അതിരപ്പള്ളി -മലക്കപ്പാറ, പരുന്തുംപാറ-പാഞ്ചാലിമേട് , കാൽവരിമൗണ്ട് -അഞ്ചുരുളി, മാമലക്കണ്ടം-മൂന്നാർ എന്നിവയാണ് ഏപ്രിൽ, മേയ്‌ മാസങ്ങളിൽ നടത്താൻ ഉദ്ദേശിക്കുന്ന യാത്രകൾ. രണ്ട് മാസങ്ങളിലെയും എല്ലാ ശനി, ഞായർ ദിവസങ്ങളിലും, പൊതുഅവധി ദിനങ്ങളിലും ട്രിപ്പുകൾ ക്രമീകരിച്ചിട്ടുണ്ട്. ബുക്കിംഗിന്: 9497415696.