
ഇന്ത്യയിൽ കൊടിയ ഭീകര പ്രവർത്തനങ്ങൾ നടത്തിയിട്ട് പാകിസ്ഥാനിൽ കഴിഞ്ഞിരുന്ന രണ്ട് ഭീകര പ്രസ്ഥാനങ്ങളുടെ പ്രധാനപ്പെട്ട പ്രവർത്തകരായ ഇരുപതോളം പേർ കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് ഒരോ കൊലപാതകം കഴിയുമ്പോഴും പാകിസ്ഥാൻ ആരോപിച്ചിട്ടുമുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഈ ആരോപണങ്ങളെ അതർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളയുന്നതാണ് പതിവ്. മറ്റൊരു രാജ്യത്തിന്റെ മണ്ണിൽ പോയി ആരെയെങ്കിലും കൊലപ്പെടുത്തുന്നത് ഇന്ത്യയുടെ നയമല്ല എന്നാണ് അന്നൊക്കെ വ്യക്തമാക്കിയിട്ടുള്ളത്. എന്നാൽ ഇപ്പോൾ ഇതേ ആരോപണം ബ്രിട്ടീഷ് ദിനപത്രമായ ദി ഗാർഡിയനിലൂടെ പുറത്തു വന്നിരിക്കുന്നു. വിദേശത്തുള്ള ഭീകരരെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പാക് ഭീകരരെ കൊലപ്പെടുത്തിയെന്നാണ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നത്.
പാകിസ്ഥാൻ ഇന്റലിജൻസ് അധികൃതർ നൽകിയ രേഖകളുടെയും വെളിപ്പെടുത്തലുകളുടെയും ചില ഇന്ത്യൻ ഇന്റലിജൻസ് ഉദ്യോഗസ്ഥരുമായി നടത്തിയ സംഭാഷണവുമാണ് റിപ്പോർട്ടിനാധാരം എന്നാണ് പത്രം പറയുന്നത്. പാകിസ്ഥാൻ അധികൃതർ നൽകുന്ന രേഖകൾ ശരിയാണോ വ്യാജമാണോ എന്ന് പത്രത്തിന് എങ്ങനെ സ്ഥിരീകരിക്കാനാവും. വ്യാജരേഖകളും കള്ളത്തെളിവുകളും നൽകുന്നതിൽ കുപ്രസിദ്ധി നേടിയിട്ടുള്ള സംഘടനയാണ് പാകിസ്ഥാനിലെ ഐ.എസ്.ഐ. ഇവർ തന്നെയാണ് ഭീകര സംഘടനകളായ ലഷ്കർ ഈ തോയ്ബയുടെയും ജയ്ഷെ മുഹമ്മദിന്റെയും എല്ലാ പ്രമുഖ ഭീകരർക്കും അഭയവും താമസസൗകര്യവും പ്രവർത്തന സ്വാതന്ത്യവും പ്രദാനം ചെയ്യുന്നത് എന്ന് ഏറെക്കുറെ ലോകത്തിന് ബോദ്ധ്യമുള്ള സംഗതിയാണ്.
ഐ.എസ്.ഐ ഒരുക്കിയിട്ടുള്ള സംരക്ഷണ വലയിലാണ് ഭീകരർ കഴിയുന്നത്. കൊല്ലപ്പെട്ട ഭീകരരിൽ ഭൂരിപക്ഷം പേരും തൊട്ടടുത്ത നിന്നുള്ള കൊലപാതകിയുടെ വെടിയേറ്റാണ് മരണമടഞ്ഞത്. ഐ.എസ്.ഐ അറിയാതെ ഇത് സംഭവിക്കില്ലെന്നും അതിനാൽ കൊലപാതകത്തിന്റെ ഉത്തരവാദിത്വം അവർക്ക് തന്നെയാണെന്നുമാണ് ഇന്ത്യ കരുതുന്നത്. ഈ കൊലപാതകങ്ങളെല്ലാം നടന്നത് പാക് മണ്ണിൽ വച്ചാണ് . ഇതിന്റെ പേരിൽ ഒരു ഇന്ത്യാക്കാരൻ പോലും ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. ഇന്ത്യയാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിൽ എന്ന് തെയിയിക്കുന്ന ഒരു രേഖപോലും ലോകത്തിന് മുന്നിൽ കാണിക്കാൻ നാളിതുവരെ പാകിസ്ഥാന് കഴിഞ്ഞിട്ടുമില്ല. ഇത്തരം കൊലപാതകങ്ങളുടെ പേരിൽ വളരെ കുറച്ച് അറസ്റ്റ് മാത്രമെ പാകിസ്ഥാനിൽ നടന്നിട്ടുള്ളൂ. അതിൽ ഒന്നാണ് സിലാക്കോട്ടിൽ ഒരു പള്ളിയിൽ വച്ച് ഷാഹിദ് ലത്തീഫ് എന്ന ഭീകരനെ വധിച്ച സംഭവം. പള്ളിയിൽ തൊട്ടടുത്തു നിന്ന് ഇരുപത് വയസ്സുള്ള ഒരു യുവാവാണ് ലത്തീഫിനെ വെടിവച്ചു കൊന്നത്. പിടിയിലായ യുവാവ് ഒരു പാകിസ്ഥാൻ പൗരനായിരുന്നു. അപ്പോൾ മറ്റൊന്നും പറയാനില്ലാതെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോയാണ് ഈ യുവാവിനെ യു.എ.യിൽ വച്ച് പണം നൽകി വാടകക്കെടുത്ത് കൊലപാതകം നടത്തിയതെന്നാണ് പാകിസ്ഥാൻ ആരോപിച്ചത്. റോയുടെ യു.എ.ഇയിലെ സ്ളീപ്പർ സെല്ലുകളാണ് ഇത്തരം കൊലപാതങ്ങൾ നടത്തുന്നതെന്ന് ഗാർഡിയന്റെ റിപ്പോർട്ടിലും ആവർത്തിച്ചിട്ടുണ്ട്.
ഇന്ത്യയുടെ ഈ രഹസ്യാന്വേഷണ ഏജൻസിയുടെ പ്രവർത്തനം പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്നും പറഞ്ഞിട്ടുണ്ട്. അതിന്റെ അർത്ഥം പ്രധാനമന്ത്രി മോദിയാണ് ഈ കൊലപാതകങ്ങൾക്ക് പിന്നിലെന്ന ധ്വനി വായനക്കാരിൽ സൃഷ്ടിക്കുക എന്നതാണ്. പാകിസ്ഥാനിൽ ഹെലിക്കോപ്റ്ററുകളുമായി രഹസ്യമായി പോയി ഭീകര നേതാവ് ലാദനെ വെടിവച്ച് കൊന്ന ചരിത്രം അമേരിക്കയ്ക്ക് പറയാനുണ്ടാകും. അങ്ങനെയൊന്ന് പറയാൻ ഇന്ത്യക്കില്ല. ബാലാക്കോട്ടിൽ ഇന്ത്യ മിസെെൽ വർഷിച്ചത് തിരിച്ചടിക്കുമെന്ന് പറഞ്ഞിട്ട് തന്നെയാണ്. ഭീകരർ എവിടെയെങ്കിലും കൊല്ലപ്പെടുന്നുണ്ടെങ്കിൽ അവർ വിതച്ചത് കൊയ്യുകയാണെന്നേ പറയാനാകൂ. ഇന്ത്യക്കെതിരെ ഇപ്പോൾ നടക്കുന്ന ആരോപണങ്ങൾ ഇന്ത്യാവിരുദ്ധ പ്രചാരണത്തിന്റെ ഭാഗമാണെന്ന വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഭിപ്രായപ്പെട്ടത് തന്നെയാണ് ഗാർഡിയൻ റിപ്പോർട്ടിനുള്ള മറുപടി