secret

ലണ്ടൻ: ആയുസിന് പിന്നിലെ രഹസ്യം പങ്കുവച്ച് ലോകത്തിലെ ഏ​റ്റവും പ്രായം കൂടിയ മനുഷ്യൻ. ബ്രിട്ടൺ സ്വദേശിയായ ജോൺ ടിന്നിസ്‌വുഡ് എന്ന 111കാരനാണ് പലരുടെയും ഏറെ നാളുകളായുളള സംശയത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുന്നത്. ലോകത്തെ ഏ​റ്റവും പ്രായം കൂടിയ ഗിന്നസ് റെക്കോർഡ് നേടിയ വെനസ്വേല രാജ്യകാരനായ ജുവാൻ വിസെന്ററെ പെരസ് മോറ എന്ന 114കാരൻ അന്തരിച്ചതിനെ തുടർന്നാണ് നേട്ടം ടിന്നിസ്‌വുഡിനെ തേടിയെത്തിയത്.

തപാൽ വകുപ്പിലെ ജോലിയിൽ നിന്നും വിരമിച്ചിട്ട് അരനൂ​റ്റാണ്ടിൽ കൂടുതലായെന്നും ഇത്രയും നാൾ ജീവിച്ചിരുന്നതിന് കാരണം ഭാഗ്യമാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആയുസിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. ഭക്ഷണത്തിൽ വലിയ നിയന്ത്രണങ്ങളൊന്നുമില്ലെന്നും എല്ലാ വെളളിയാഴ്ചകളിലും മത്സ്യവിഭവങ്ങളും ചിപ്സുകളും കഴിക്കാറുണ്ടെന്നും ടിന്നിസ്‌വുഡ് പറഞ്ഞു.

വടക്കൻ ഇംഗ്ലണ്ടിലെ മേഴ്സിസൈഡിൽ 1912ലാണ് അദ്ദേഹം ജനിച്ചത്. ഇപ്പോൾ താൻ 111 വയസ് കഴിഞ്ഞതിന്റെ സന്തോഷത്തിലാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ആയുസിന് പിന്നിലെ രഹസ്യമെന്താണെന്ന് ചോദിച്ച അവതാരകനോട് അദ്ദേഹം പറഞ്ഞ മറുപടിയും ശ്രദ്ധേയമായിരുന്നു. ഒന്നുകിൽ ഒരു മനുഷ്യന്റെ ആയുസ് കൂടുതലായിരിക്കും അല്ലെങ്കിൽ കുറവായിരിക്കും അതിൽ ഒന്നും ചെയ്യാൻ നമുക്ക് സാധിക്കില്ല എന്നായിരുന്നു.

അതേസമയം, 2022ലെ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ മനുഷ്യനെന്ന ഗിന്നസ് വേൾ‌ഡ് റെക്കോർഡ് സ്വന്തമാക്കിയ ജുവാൻ വിസെന്ററെ പെരസ് മോറ ഏപ്രിൽ രണ്ടിനാണ് മരിച്ചത്. വെനസ്വേല പ്രസിഡന്റ് നിക്കോളസ് മഡൂറോയാണ് മരണവിവരം ഔദ്യോഗികമായി സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

2022 ഫെബ്രുവരി നാലിന് 112 വയസ്സും 253 ദിവസവും പ്രായമായപ്പോഴാണ് പെരെസ് മോറ ഗിന്നസ് റെക്കോഡിനുടമയായത്. ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോഡാണ് മോറ അന്ന് സ്വന്തമാക്കിയത്.1909 മേയ് 27ന് ആൻഡിയൻ സംസ്ഥാനമായ താച്ചിറയിലെ എൽ കോബ്രെ പട്ടണത്തിൽ ടിയോ വിസെന്റ് എന്ന കർഷകന്റെ പത്ത് മക്കളിൽ ഒമ്പതാമനായാണ് മോറ ജനിച്ചത്.