d

തിരഞ്ഞെടുപ്പു കാലത്തെ മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച് ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ ഒട്ടേറെ കാര്യങ്ങളുണ്ട്. പെരുമാറ്റച്ചട്ട ലംഘനം ശിക്ഷാർഹമാണ്. തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്ന വേളയിൽത്തന്നെ പ്രാബല്യത്തിൽ വരുന്ന പെരുമാറ്റച്ചട്ടം,​ റിട്ടേണിംഗ് ഓഫീസർ തിരഞ്ഞെടുപ്പു ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചതിനു ശേഷമേ പ്രവർത്തനരഹിതമാകൂ.

കേന്ദ്ര സർക്കാർ പൂർണമായോ ഭാഗികമായോ ധനസഹായം നൽകുന്ന എല്ലാ സമിതികൾക്കും കോർപറേഷനുകൾക്കും കമ്മിഷനുകൾക്കും പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകൾ ബാധകമാണ്. സംസ്ഥാന സർക്കാർ,​ കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതി, ഡി.ഡി.എ, ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനുകൾ, ജൽ ബോർഡുകൾ, ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾ, മറ്റേതെങ്കിലും വികസന അതോറിട്ടി എന്നിവയും ഇതിൽ ഉൾപ്പെടും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്ന തീയതി മുതൽ,​ സ്ഥാനാർത്ഥിയാകാൻ ഉദ്ദേശിക്കുന്നവർ ഉൾപ്പെടെ എല്ലാ വ്യക്തികൾക്കും മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പൊതുവ്യവസ്ഥകൾ ബാധകമാണ്.

പദ്ധതികൾ,​ കരാറുകൾ

അധികാരത്തിലുള്ള രാഷ്ട്രീയ കക്ഷിക്ക് അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കുന്ന തരത്തിലുള്ള പുതിയ പദ്ധതികളോ പരിപാടികളോ ഇളവുകളോ സാമ്പത്തിക സഹായങ്ങളോ,​ ഏതെങ്കിലും രൂപത്തിലുള്ള പ്രഖ്യാപനമോ അതിന്റെ വാഗ്ദാനങ്ങളോ,​ തറക്കല്ലിടൽ മുതലായവയോ പാടില്ല. പുതിയ സ്കീമുകൾക്കും നിലവിലുള്ള സ്കീമുകൾക്കും നിയന്ത്രണങ്ങൾ ഒരുപോലെ ബാധകമാണ്. പൊളിറ്റിക്കൽ എക്‌സിക്യുട്ടീവിന്റെ (മന്ത്രിമാർ മുതലായവർ) അവലോകനവും ഗുണഭോക്താധിഷ്ഠിത പദ്ധതികളുടെ പ്രോസസിംഗും തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ നിറുത്തിവയ്ക്കണം. കമ്മിഷന്റെ മുൻകൂർ അനുമതിയില്ലാതെ ക്ഷേമപദ്ധതികൾക്കും പ്രവൃത്തികൾക്കും ഫണ്ട് പുതിയതായി അനുവദിക്കുകയോ,​ പ്രവൃത്തികൾക്ക് കരാർ നൽകുകയോ ചെയ്യാൻ പാടില്ല.

പെരുമാറ്റച്ചട്ടം പ്രാബല്യത്തിലാകുന്നതിനു മുമ്പ് വർക്ക് ഓർഡറുകൾ നൽകിയിട്ടുണ്ടെങ്കിലും, യഥാർത്ഥത്തിൽ പ്രവൃത്തി ആരംഭിച്ചിട്ടില്ലെങ്കിൽ അതു തുടങ്ങാനാവില്ല. ആരംഭിച്ച ജോലികൾ തുടരാം. പൂർത്തിയാക്കിയ ജോലികൾക്കുള്ള തുക അനുവദിക്കാൻ തടസമില്ല. വരൾച്ച, വെള്ളപ്പൊക്കം, പേവിഷബാധ, പ്രകൃതിക്ഷോഭങ്ങൾ എന്നിവ കാരണം ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുന്നതിനോ,​ അടിയന്തര സാഹചര്യങ്ങളോ,​ അപ്രതീക്ഷിത ദുരന്തങ്ങളോ നേരിടുന്നതിനോ ഏറ്റെടുക്കുന്ന പദ്ധതികൾക്ക് കമ്മിഷൻ അനുമതി നിഷേധിക്കില്ല.

ഉദ്യോഗസ്ഥ സ്ഥലംമാറ്റം

ജില്ലയിൽ,​ തൊട്ടു മുമ്പുള്ള നാലു വർഷങ്ങളിൽ മൂന്നു വർഷം സർവീസ് പൂർത്തിയാക്കിയ,​ തിരഞ്ഞെടുപ്പുമായി നേരിട്ട് ബന്ധമുള്ള ഉദ്യോഗസ്ഥരെ അതേ റവന്യു ജില്ലയിൽ തുടരാൻ അനുവദിക്കില്ല. പൊലീസ് എസ്.ഐമാരെയും അതിനു മുകളിലുള്ള ഉദ്യോഗസ്ഥരെയും അവരുടെ സ്വന്തം ജില്ലയിൽ നിയമിക്കാൻ പാടില്ല. തിരഞ്ഞെടുപ്പ് നടത്തിപ്പുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരുടെയും സ്ഥലംമാറ്റത്തിന് സമ്പൂർണ നിരോധനമുണ്ടാകും.

ഔദ്യോഗിക വാഹനങ്ങൾ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ല. മന്ത്രിമാർക്ക് അവരുടെ ഔദ്യോഗിക വസതിയിൽ നിന്ന് ഓഫീസിലേക്ക് ഔദ്യോഗിക ജോലികൾക്കായി മാത്രമേ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കാൻ അവകാശമുള്ളൂ. സ്വകാര്യ സന്ദർശനത്തിലായാലും ഔദ്യോഗിക സന്ദർശനത്തിലായാലും, സൈറണുകൾ ഘടിപ്പിച്ച,​ ബീക്കൺ ലൈറ്റുള്ള പൈലറ്റ് കാറുകൾ ഒരു രാഷ്ട്രീയ പ്രവർത്തകനും ഉപയോഗിക്കാൻ പാടില്ല.

അധികാര ദുർവിനിയോഗം

മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ള കാലയളവിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ മന്ത്രിമാരുടെയോ രാഷ്ട്രീയക്കാരുടെയോ പാർട്ടികളുടെയോ നേട്ടങ്ങൾ ഉയർത്തിക്കാട്ടുന്ന പരാമർശങ്ങൾ എടുത്തുകളയണം. നേതാക്കന്മാരുടെയും സ്ഥാനാർത്ഥികളുടെയും ചിത്രങ്ങൾ സർക്കാർ കെട്ടിടങ്ങളിലും പരിസരങ്ങളിലും പ്രദർശിപ്പിക്കാൻ പാടില്ല. പ്രധാനമന്ത്രി, മുഖ്യമന്ത്രിമാർ, മന്ത്രിമാർ, മറ്റ് രാഷ്ട്രീയ നേതാക്കൾ എന്നിവരുടെ ഫോട്ടോകൾ പ്രദർശിപ്പിക്കാൻ പാടില്ലെങ്കിലും, ദേശീയ നേതാക്കൾ, കവികൾ, ചരിത്രപ്രാധാന്യമുള്ള പ്രമുഖർ എന്നിവരുടെ ചിത്രങ്ങൾക്ക് നിർദ്ദേശം ബാധകമല്ല.

റസ്റ്റ് ഹൗസുകൾ, മറ്റ് സർക്കാർ അതിഥി മന്ദിരങ്ങൾ എന്നിവ അധികാരത്തിലുള്ള പാർട്ടിയുടെയോ അതിന്റെ

സ്ഥാനാർത്ഥികളുടെയോ കുത്തകയാക്കരുത്, അത്തരം താമസസ്ഥലങ്ങൾ മറ്റു പാർട്ടികൾക്കും സ്ഥാനാർത്ഥികൾക്കും ന്യായമായ രീതിയിൽ ഉപയോഗിക്കാൻ അനുവദിക്കുമെങ്കിലും,​ പ്രചാരണ ഓഫീസായി ഉപയോഗിക്കാനാകില്ല.

സർക്കാർ ഗസ്റ്റ് ഹൗസുകളിലോ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗസ്റ്റ് ഹൗസുകളിലോ താമസിക്കുമ്പോൾ ഒരു രാഷ്ട്രീയ പ്രവർത്തനവും പാടില്ല.

ഒരു മന്ത്രിയും സ്വന്തം വോട്ട് ചെയ്യാനല്ലാതെ ഏതെങ്കിലും പോളിംഗ് സ്റ്റേഷനിലോ വോട്ടെണ്ണൽ സ്ഥലത്തോ പ്രവേശിക്കാൻ പാടില്ല. ക്ഷേത്രങ്ങൾ, മസ്ജിദുകൾ, പള്ളികൾ ഉൾപ്പെടെ ഏതെങ്കിലും ആരാധനാലയങ്ങൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രസംഗങ്ങൾ, പോസ്റ്ററുകൾ, സംഗീതം മുതലായവ ഉൾപ്പെടെയുള്ള പ്രചാരണത്തിനുള്ള സ്ഥലങ്ങളായി ഉപയോഗിക്കരുത്. വോട്ടർമാരെ പോളിംഗ് സ്റ്റേഷനുകളിലേക്കും തിരിച്ചും കൊണ്ടുപോകുന്നതിനും നിരോധനമുണ്ട്.