water

തിരുവനന്തപുരം: ചൂട് കടുത്തതോടെ ജനങ്ങൾ ഏറ്റവും കൂടുതലായി ആശ്രയിക്കുന്ന തണ്ണിമത്തന് വില കുതിച്ചുയരുന്നു. ഉഷ്‌ണകാലം ആരംഭിച്ചപ്പോൾ കിലോയ്ക്ക് 15 രൂപയായിരുന്ന തണ്ണിമത്തൻ വില ഇപ്പോൾ ഇരട്ടിയായി. മൊത്ത വിപണിയിലും ചില്ലറ വിപണിയിലും വില വർദ്ധിച്ചിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു. വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യം ജലാംശം കൂടുതലുള്ള പഴങ്ങൾക്കാണ്. അതാണ് തണ്ണിമത്തന്റെ വില ഉയരാൻ ഇടയാക്കിയത്.

സാധാരണ തണ്ണിമത്തന് കിലോയ്ക്ക് 25 - 27 രൂപ വരെയുണ്ട്. മധുരമേറിയതും കുരു അധികമില്ലാത്തതുമായ കിരൺ വിഭാഗത്തിലുള്ള തണ്ണിമത്തനോടാണ് ഉപഭോക്താക്കൾക്ക് ഏറെ പ്രിയം. ഇതിന് കിലോയ്ക്ക് 28 - 30 രൂപ വരെയുണ്ട്. തമിഴ്നാട്ടിൽ നിന്നും കർണാടകയിലെ മൈസൂരിൽ നിന്നുമാണ് കിരൺ തണ്ണിമത്തൻ എത്തുന്നത്. നഗരത്തിൽ ഭൂരിഭാഗം സ്ഥലങ്ങളിലും തണ്ണിമത്തന്റെ ചില്ലറ വില്പനശാലകളുണ്ട്.


ജ്യൂസ് കടകളും സജീവം
വേനൽ കടുത്തതോടെ നഗരത്തിലെ ജ്യൂസ് ഷോപ്പുകളിലും തിരക്കേറി. 15 രൂപ മുതൽ തുടങ്ങുന്ന വിവിധ ജൂസുകളും 50 രൂപയിൽ തുടങ്ങി 150 രൂപ വരെയുള്ള വിവിധ ഷേക്കുകൾക്കുമാണ് ഡിമാൻഡ്. കരിക്കിന് 15 രൂപ മുതലും ഗൗളി ഗാത്ര കരിക്കിന് 50 രൂപ മുതലുമാണ് വില. വിവിധ സംഘടനകളും ഓഫീസുകളും വക സൗജന്യ തണ്ണീർപ്പന്തലുകളും നഗരത്തിൽ സജീവമായിട്ടുണ്ട്. ഉത്സവ സീസണും റംസാൻ വ്രത കാലഘട്ടമായതിനാലും തണ്ണിമത്തൻ ഉൾപ്പെടെയുള്ള പഴവർഗങ്ങൾക്ക് ഡിമാൻഡ് വളരെ കൂടിയിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.

വില ഇങ്ങനെ

കിരൺ തണ്ണിമത്തന് ......28 - 30 രൂപ

ജൂസുകൾക്ക്....... 15 മുതൽ 50 രൂപ വരെ

ഷേക്കുകൾക്ക്......... 150 രൂപ

ഗൗളി ഗാത്ര കരിക്ക്.......50 രൂപ