
ലോകത്ത് കൊവിഡ് മഹാമാരി മാരകമായി വ്യാപിച്ചതോടെ പല പുതിയ ശീലങ്ങളും മിക്കവർക്കും ഉണ്ടായി. വീടിന് പുറത്തേക്ക് പോകുമ്പോൾ മാസ്‌ക് ധരിക്കുക, മണിക്കൂറുകൾ ഇടവിട്ട് കൈകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കുക തുടങ്ങിയവ അവയിൽ ചിലതുമാത്രമാണ്. 2019ൽ ലോകത്ത് കൊവിഡ് പിടിപ്പെട്ട് നാല് വർഷങ്ങൾ പിന്നിടുമ്പോഴും പലരും സുരക്ഷയെ മുൻനിർത്തി ഈ ശീലങ്ങൾ പിൻതുടരുന്ന പതിവ് കാണാറുണ്ട്.
കൂടുതൽ പേരും മാസ്‌ക് ധരിച്ചില്ലെങ്കിലും സാനിറ്റൈസറുകൾ ഉപയോഗിക്കുന്ന ശീലം പതിവാക്കിയിട്ടുണ്ട്. അത്തരത്തിലുളളവർ ശ്രദ്ധിക്കേണ്ട ഒരു പഠന റിപ്പോർട്ടാണ് അടുത്തിടെ പുറത്തുവന്നത്. നിരന്തരമായി സാനിറ്റൈസറുകൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാകുമെന്നാണ് പഠനങ്ങളിൽ പറയുന്നത്. പ്രധാനമായും സാനിറ്റൈസറുകളെ കൂടാതെ മൗത്ത് വാഷ്, ടൂത്ത്പേസ്റ്റ്, റൂംസ്‌പ്രേ തുടങ്ങിയവ നിരന്തരമായി ഉപയോഗിക്കുന്നത് നമ്മുടെ തലച്ചോറിലെ കോശങ്ങളെ പൂർണമായും നശിപ്പിക്കുമെന്നാണ് പഠനത്തിൽ നിന്നും കണ്ടെത്തിയിരിക്കുന്നത്.
ഒഹായോയിലെ കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്സിറ്റിയിലെ ചില ഗവേഷകരാണ് ഈ പഠനം നടത്തിയത്. മോളിക്യുലാർ ബയോളജിസ്റ്റായ എറിൻ കോനും അവരുടെ സഹായികളുമാണ് ഈ കണ്ടുപിടുത്തതിന് പിന്നിൽ. പല സാംപിളുകളിൽ നടത്തിയ സൂക്ഷ്മ പരിശോധനയിൽ നിന്നും 1823ൽ പരം വിഷവസ്തുക്കളുടെ സാന്നിദ്ധ്യമാണ് സംഘം കണ്ടെത്തിയത്. രണ്ട് തരത്തിലുളള രാസവസ്തുക്കളുടെ അംശമാണ് കണ്ടെത്തിയത്. ഇവ രണ്ടും തലച്ചോറിലെ കോശങ്ങളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നുണ്ട്.
ഈ രാസവസ്തുക്കൾ തലച്ചോറിലുളള ഒളിഗോഡെൻഡ്രോസൈറ്റ് കോശങ്ങളുടെ (കേന്ദ്ര നാഡീവ്യൂഹത്തിലെ ആക്സോണുകളെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന മൈലിൻ ഷീറ്റുകളെ ഉൽപ്പാദിപ്പിക്കുന്നു) പ്രവർത്തനത്തെ തടസപ്പെടുത്തുന്നു. തലച്ചോറിൽ നിന്നും പോകുന്ന സിഗ്നലുകളെ ശരിയായ രീതിയിൽ ശരീരത്തിലെ വ്യത്യസ്ത അവയവങ്ങളിൽ എത്തിക്കാൻ സഹായിക്കുന്നത് ഈ കോശങ്ങളുടെ ശരിയായ പ്രവർത്തനം മൂലമാണ്. ഇത് അൾഷിമേഴ്സ് പോലുളള ഗുരുതര മറവിരോഗങ്ങൾക്കും ഒടുവിൽ മരണത്തിനും കാരണമാകും.