mahe-seat

മാഹി: 'നമ്പ പ്രഥമർ മോദിജി മറുപടിയും അധികാരത്തിൽ ഏറപ്പൊ റോം എന്തതിൽ സന്ദേഹമേ കെടയാത്...' താമര ശിന്നത്തിൽ വോട്ട് പണ്ണി എന്നെ വന്ത് എം.പി.യാക്കി വിട്ടാൽ പുതുവൈ മക്കൾക്ക് റൊമ്പ വികസനം നടന്ത് പോയിടും.. ' -പുതുച്ചേരി ലോകസഭ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി എ.നമശിവായം മാഹിയിൽ നടത്തിയ റോഡ് ഷോയിൽ സ്വീകരിക്കാനെത്തിയവർക്ക് മുന്നിൽ വച്ച വാഗ്ദാനം ഇങ്ങനെയാണ്.

പുതുച്ചേരി സംസ്ഥാനത്ത് ഒരു സീറ്റ് മാത്രമേയുള്ളുവെങ്കിലും എൻ.ഡി.എയ്ക്ക് ഏറെ പ്രാധാന്യമുണ്ട് ഇവിടത്തെ ജയത്തിന്. തമിഴ്നാട് ബിജെപിയുടെ വളർച്ചക്ക് വളമാകും ഈ വിജയം എന്നതാണ് മുന്നണിയുടെ കണക്കുകൂട്ടൽ. ആഭ്യന്തര മന്ത്രിയെ തന്നെ സ്ഥാനാർത്ഥിയാക്കിയതും അതുകൊണ്ടുതന്നെ.നിലവിൽ കോൺഗ്രസിലെ വൈദ്യലിംഗമാണ് പോണ്ടിച്ചേരിയെ ലോകസഭയിൽ പ്രതിനിധീകരിക്കുന്നത്.

2021ലെ നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം നാമനിർദ്ദേശത്തിലൂടെയും മറ്റുമായി ബി.ജെ.പി പുതുച്ചേരിയിൽ നിർണായക ശക്തിയായിട്ടുണ്ട്. എൻ.ആർ കോൺഗ്രസിന് പത്തും ബി.ജെ.പിക്ക് ആറും സീറ്റുകളാണ് നിയമസഭ തിരഞ്ഞെടുപ്പിൽ ലഭിച്ചത്. സംസ്ഥാനത്തെ മുഖ്യഭരണകക്ഷി എൻ.ആർ കോൺഗ്രസ് ആയിരുന്നിട്ടും ബി.ജെ.പിയാണ് ലോകസഭയിലേക്ക് മത്സരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. മുഖ്യമന്ത്രി രംഗസാമിയുടെ മരുമകൻ കൂടിയാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായ നമശിവായം. വണ്ണിയർ സമുദായംഗമെന്ന നിലയിലും നമശിവായം സ്വീകാര്യനാകുമെന്ന കണക്കുകൂട്ടലും മുന്നണിയിലുണ്ട്.

മാഹിയിൽ പ്രതീക്ഷ

പുതുച്ചേരിയിൽ ഇന്ത്യ സംഖ്യത്തിന്റെ ഭാഗമാണെങ്കിലും മാഹിയിൽ സി.പി.എം കോൺഗ്രസ്സിനെ എതിർക്കുകയാണ്. സ്വതന്ത്ര സ്ഥാനാർത്ഥി കെ.പ്രഭുദേവനെ പിന്തുണയ്ക്കാനാണ് കണ്ണൂർ ജില്ലാഘടകത്തിന്റെ ഭാഗമായ മാഹി സി.പി.എമ്മിലെ തീരുമാന. ഇത് മുതലെടുത്ത് മാഹിയിൽ നിന്ന് പരമാവധി വോട്ടുകൾ സമാഹരിക്കാനാണ് എൻ.ഡി.എയുടെ നീക്കം.

നമശിവായത്തിന്റെ റോഡ് ഷോ

ഇന്നലെ കാലത്ത് പൂഴിത്തലയിൽ നിന്നും ബൈക്കുകളുടെ അകമ്പടിയോടെയാണ് നമശിവായത്തിന്റെ റോഡ് ഷോ തുടങ്ങിയത്. മൂലക്കടവിലായിരുന്നു സമാപനം. റോഡ് ഷോയിൽ സ്ഥാനാർത്ഥിക്ക് പുറമേ പുതുച്ചേരി മുഖ്യമന്ത്രി എൻ.രംഗസ്വാമി, എം.എൽ.എ കെ.വെങ്കിടേഷ് , മാഹി പ്രഭാരി രവിചന്ദ്രൻ ,ബി.ജെ.പി.മാഹി മണ്ഡലം പ്രസിഡന്റ് എ.ദിനേശൻ എന്നിവരും എൻ.ആർ.കോൺഗ്രസ്സ് നേതാക്കളായ വി.പി. അബ്ദുൾ റഹ്മാൻ, ശിവദാസ് എന്നിവരും പങ്കെടുത്തു.

കാലത്ത് പ്രത്യേകം ഹെലികോപ്റ്ററിലായിരുന്നു എൻ.ഡി.എ പ്രചാരണസംഘം എത്തിയത്. വളവിൽ,മാഹി മുൻസിപ്പൽ മൈതാനം, ഉസ്മാൻ സ്മാരക വായനശാല പരിസരം, ചെമ്പ്ര ആശാരിക്കാവ്, ഈസ്റ്റ് പള്ളൂർ ബി എഡ് കോളേജ് പരിസരം ഇരട്ടപ്പിലാക്കൂൽ, ഇടയിൽപീടിക , പന്തക്കൽ, മൂലക്കടവ് എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി. പുതുവൈയിൽ താമരൈ വിടരുമെന്ന് സർക്കാരിന്റെ വികസന പ്രവർത്തനം എണ്ണിപറഞ്ഞായിരുന്നു മുഖ്യമന്ത്രി എൻ.രംഗസ്വാമിയും ജനങ്ങളെ അഭിസംബോധന ചെയ്തത്.