mallika-

തിരുവില്വാമല: പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ശവസംസ്‌കാരം കഴിഞ്ഞ ചിതയിലെ ഭസ്മം എടുത്തു കൊണ്ടുപോകുന്ന രണ്ടു പേ‌ർ അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശികളായ അമ്മയും മകനുമാണ് പഴയന്നൂർ പൊലീസിന്റെ പിടിയിലായത് . തമിഴ്‌നാട് കൃഷ്ണഗിരി പുൾഗാൻ കോട്ട സ്വദേശികളായ മല്ലിക (45), മകൻ രേണുഗോപാൽ (25) എന്നിവരെയാണ് പഴയന്നൂർ സി.ഐ ബിജോയ് അറസ്റ്റ് ചെയ്തത്. ചിതാഭസ്മം വാരിക്കൊണ്ടുപോയി അരിച്ച് ചാരത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്ന സംഘത്തിലെ അംഗങ്ങളാണിവർ. വ്യാഴാഴ്ച രാത്രിയാണ് സംഭവം. പൊലീസ് വാഹനം വരുന്നത് കണ്ട മോഷണസംഘം ഓടിരക്ഷപ്പെടുന്നതിനിടെയാണ് പിടിയിലായത്. പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും സംഘങ്ങളിൽ ചിലർ പുഴയിലൂടെ രക്ഷപ്പെട്ടു . ശവസംസ്‌കാരം കഴിഞ്ഞ് സഞ്ചയനത്തിന് മുമ്പ് ചിതയിലെ ചാരം വാരിയെടുത്ത് പുഴയിൽ കൊണ്ടുപോയി വേർതിരിച്ച് സ്വർണം എടുക്കുകയാണ് ഇവരുടെ പതിവ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.