padam

കൊച്ചി: പലപ്പോഴായി ഭക്ഷണം കഴിച്ചതിന്റെ പണംആവശ്യപ്പെട്ടതിന് കലൂരിലെ കഫേഉടമയെ കത്തിമുനയിൽ നിറുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ട് യുവാക്കളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. എളമക്കര ചെമ്പകശേരി വീട്ടിൽ ആഷിൻ നിസാമുദ്ദീൻ (24), പത്തനംതിട്ട വടക്കുപുറം പൂവനത്തിൽ വീട്ടിൽ അജ്മൽ ഷാജഹാൻ (24) എന്നിവരാണ് അറസ്റ്റിലായത്. കലൂരിലെ റിസർബാങ്കിന് മുന്നിൽ പ്രവർത്തിക്കുന്ന 24 ഹോട്ട് എൻ കോൾഡ് കഫേ ഉടമ കാസർകോട് സ്വദേശി സഹദാണ് ക്രൂരമർദ്ദനത്തിന് ഇരയായത്. 27ന് രാത്രി 10.30നായിരുന്നു സംഭവം. കഫേയ്ക്ക് സമീപത്തെ സ്പായിലെ ജീവനക്കാരാണ് പ്രതികൾ. പതിവായി ഇവർ ഇവിടെനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. സംഭവദിവസം ഭക്ഷണംകഴിച്ച പ്രതികളോട് നേരത്തെ നൽകാനുണ്ടായിരുന്ന പറ്റ് തീർക്കണമെന്ന് സഹദ് ആവശ്യപ്പെട്ടു. ഇതിന്റെ വൈരാഗ്യത്തിന് പ്രതികൾ സഹദിനെ മർദ്ദിക്കുകയായിരുന്നു. തൊട്ടടുത്തദിവസം സഹദ് പൊലീസിൽ പരാതി നൽകി. തുടർന്ന് പ്രതികൾക്കായി അന്വേഷണം നടക്കുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഇവർ പിടിയിലായത്. സഹദിനെ ഇവർ മർദ്ദിക്കുന്ന സി.സി ടിവി ദൃശ്യം പുറത്തുവന്നിരുന്നു.