sea

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളിൽ നേരിയ തോതിലുളള മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കടുത്ത ചൂടിന് ആശ്വാസമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാദ്ധ്യതയുളളത്. ഏപ്രിൽ ഒമ്പതിന് സംസ്ഥാനത്ത് എല്ലായിടത്തും പത്തിന് എറണാംകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും മഴ ലഭിക്കും.

അതേസമയം, നാളെ പത്തനംതിട്ട, കോട്ടയം, എറണാംകുളം, വയനാട് എന്നീ ജില്ലകളിലും എട്ടിന് തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലൊഴികെയുളള മിക്ക സ്ഥലങ്ങളിലും മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചനം നടത്തിയിട്ടുണ്ട്. കേരളതീരത്ത് ഉയർന്ന തിരമാല ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. കളളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കടലുകളിൽ ഇന്ന് രാത്രി മുതൽ ഉയർന്ന തിരമാലയ്ക്കും കടൽക്ഷോഭത്തിനും സാദ്ധ്യതയുണ്ടെന്നും പറയുന്നുണ്ട്.

തീരദേശവാസികളോട് അപകടമേഖലകളിൽ നിന്ന് മാറി താമസിക്കാൻ കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിനോദസഞ്ചാരികൾ ബീച്ചുകളിൽ ഇറങ്ങുന്നതും മത്സ്യബന്ധന തൊളിലാളികൾ കടലിൽ പോകുന്നതിനും മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷയും ഉറപ്പാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.