indian

ന്യൂഡൽഹി:ഇന്ത്യൻ തിരഞ്ഞെടുപ്പ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് അട്ടിമറിക്കാൻ ചൈന ശ്രമിക്കുന്നതായി മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ഇന്ത്യയിൽ മാത്രമല്ല, അമേരിക്കയും ദക്ഷിണകൊറിയയും ഉൾപ്പെടെ ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന നിരവധി രാജ്യങ്ങളിൽ ജനവിധി സ്വന്തം താൽപര്യങ്ങൾക്ക് അനുകൂലമാക്കാൻ ചൈന നിർമ്മിത ബുദ്ധി ആയുധമാക്കുമെന്നാണ് മുന്നറിയിപ്പ്.

കഴിഞ്ഞ മാസം ഇന്ത്യയിൽ എത്തിയ മൈക്രോസോഫ്റ്റ് സഹ സ്ഥാപകൻ ബിൽ ഗേറ്റ്സ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ചൈനയുടെ ഈ കുതന്ത്രങ്ങൾ ചർച്ച ചെയ്‌തെന്നാണ് റിപ്പോർട്ട്. ചൈനീസ് പിന്തുണയുള്ള സൈബർ ഗ്രൂപ്പുകളാണ് ലോകരാജ്യങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ഇടപെടുന്നത്. ഇവർക്ക് ഉത്തരകൊറിയയുടെ സഹായമുണ്ടെന്നും മൈക്രോസോഫ്റ്റിന്റെ ത്രെട്ട് ഇന്റലിജൻസ് ടീം പറയുന്നു.

ജനുവരിയിൽ തയ്‌വാൻ പ്രസ്ഡന്റ് തിരഞ്ഞെടുപ്പിൽ ചൈന ട്രയൽ റൺ നടത്തിയിരുന്നു. 28 രാജ്യങ്ങളുള്ള യൂറോപ്യൻ യൂണിയനിലും മറ്റ് 64 രാജ്യങ്ങളിലും ഈ വർഷം തിരഞ്ഞെടുപ്പ് നടക്കുകയാണ്.ലോക ജനസംഖ്യയുടെ പകുതിയോളം (49%) വരും ഈ രാജ്യങ്ങൾ. ഇതിൽ പല രാജ്യങ്ങളിലും ചൈനയുടെ താൽപര്യങ്ങൾക്കനുസൃതമായി ജനാഭിപ്രായം രൂപീകരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഉള്ളടക്കം സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.

ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് ഈ മാസം 19ന് തുടങ്ങുകയാണ്. ഇതിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ദുരുപയോഗം തടയാൻചാറ്റ് ജി. പി. ടി വികസിപ്പിച്ച ഓപ്പൺ എ. ഐ കമ്പനിയുടെ പ്രതിനിധികൾ തിരഞ്ഞെടുപ്പ് കമ്മിഷണർമാരുമായി ചർച്ച നടത്തിയിരുന്നു.

തന്ത്രങ്ങൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് വ്യാജ ഉള്ളടക്കമുള്ള രാഷ്‌ട്രീയപരസ്യങ്ങൾ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കും. ഡീപ് ഫേക്ക് ചിത്രങ്ങൾ ഉപയോഗിക്കും. നടന്നിട്ടില്ലാത്ത സംഭവങ്ങൾ നടന്നതായി വിശ്വസിപ്പിക്കും. സംഭവങ്ങളുടെ ആധികാരികത ഇല്ലാതാക്കും. സുപ്രധാന പ്രശ്നങ്ങളിൽ സ്ഥാനാർത്ഥികളുടെ പ്രസ്താവനകളും നിലപാടുകളും വളച്ചൊടിക്കും.

തായ്‌വാൻ ട്രയൽ റൺ

ചൈനീസ് പിന്തുണയുള്ള സ്‌പാമോ ഫ്ലാഷ് അഥവാ സ്റ്റോം 1376 എന്ന സൈബർ ഗ്രൂപ്പാണ് തായ്‌വാനിൽ ഇടപെട്ടത്. വോട്ടർമാരെ സ്വാധീനിക്കാനും സ്ഥാനാർത്ഥികളുടെ വിശ്വാസ്യത തകർക്കാനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ചുള്ള വ്യാജ ശബ്ദ സന്ദേശങ്ങളും മീമുകളും പ്രചരിപ്പിച്ചു. തായ്‌വാനിലെ ഡെമോക്രാറ്റിക പ്രോഗ്രസീവ് പാർട്ടിയുടെ പ്രസിഡൻഷ്യൽ സ്ഥാനാർത്ഥി

വില്യം ലായി ഉൾപ്പെടെ ചൈനയ്ക്ക് അനഭിമതരായ വിമതരുടെ എ. ഐ മീമുകളുടെ ഒരു പരമ്പര തന്നെ പ്രചരിപ്പിച്ചു. എ. ഐ സൃഷ്‌ടിച്ച ടി. വി വാർത്താ അവതാരകരെയും കളത്തിലിറക്കി.

അമേരിക്കയിൽ ന്യൂ ഹാംപ്ഷയർ ഡെമോക്രാറ്റിക് പ്രൈമറിയിൽ പ്രസിഡന്റ് ജോ ബൈഡന്റെ ശബ്ദത്തിലുള്ള ഫോൺ സന്ദേശം പ്രചരിച്ചിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ജനാധിപത്യ പ്രക്രിയയ്‌ക്ക് ഭീഷണിയാകുന്നതിന്റെ വ്യക്തമായ തെളിവായിരുന്നു ഇത്. ചൈനയെ പുകഴ്ത്തുന്ന 7700 ഫേസ്ബുക്ക് അക്കൗണ്ടുകൾ കഴിഞ്ഞ വർഷം മെറ്റ നീക്കം ചെയ്‌തിരുന്നു.