
പണ്ടുകാലത്ത് പാടത്തും പറമ്പിലുമുളള പച്ചക്കറികളും കണിക്കൊന്ന പൂവും ശേഖരിച്ചാണ് മലയാളികൾ വിഷുകണിയൊരുക്കിയിരുന്നത്. എന്നാൽ ഇപ്പോൾ മലയാളികൾ കടകളിൽ നിന്നും ഒരുമിച്ചാണ് കണിയൊരുക്കുന്നതിനായി സാധനങ്ങൾ വാങ്ങാറുളളത്. ഈ സമയത്താണ് കർഷകർക്ക് കൂടുതൽ ലാഭം കൊയ്യാൻ സാധിക്കുന്നത്.
കോഴിക്കോട് വിഷുവിന് കണികാണാൻ കണിവെള്ളരികൾ നേരത്തെയെത്തിയിരിക്കുകയാണ്. വിഷുവിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് ആവശ്യക്കാർ ഏറുന്നതെങ്കിലും കനത്ത ചൂട് കൊണ്ട് വെള്ളരി പൊട്ടിക്കീറുന്നത് ഒഴിവാക്കാനാണ് മഞ്ഞ നിറമാകുമ്പോഴേക്കും വെള്ളരികൾ വിളവെടുത്തു തുടങ്ങിയത്.

കിലോയ്ക്ക് 65 രൂപയെങ്കിലും വിലകിട്ടുമെന്നാണ് കർഷകരുടെ പ്രതീക്ഷ. ഫെബ്രുവരി ആദ്യത്തിൽ കൃഷിയിറക്കുന്ന വെള്ളരി വിഷു അടുക്കുന്നതോടെ വിളഞ്ഞ് പാകമാകും. കണിവെള്ളരി വിളവെടുക്കുന്നതോടെ വിഷുവിനു മുമ്പുള്ള വെറും രണ്ടോ മൂന്നോ ദിവസത്തെ കച്ചവടത്തിലാണു കർഷകരുടെ മുഴുവൻ പ്രതീക്ഷയും.പൂർണമായും ജൈവ രീതിയിൽ കൃഷി ചെയ്ത ഒരേക്കർ സ്ഥലത്തെ കണിവെള്ളരികളാണ് മാവൂർ പാടത്ത് വിളവെടുത്തത്.
വിളവെടുത്ത വെള്ളരിയുടെ നല്ല ഇനത്തിൽപെട്ടവയുടെ മാറ്റിവയ്ക്കുന്ന വിത്തുകളാണ് അടുത്ത വർഷത്തേക്ക് നടാനായി ഉപയോഗിക്കുന്നത്. വീടുകളിൽ തന്നെ നാടൻ രീതിയിൽ വിത്തുകൾ ഉണക്കിയെടുക്കും. വേനലിൽ പെയ്യുന്ന മഴ മറ്റ് കൃഷിക്ക് ഉപകാരപ്രദമാണെങ്കിലും വെള്ളരി കൃഷിക്ക് ദോഷമാണ്. മഴയേറ്റാൽ മൂത്ത കണിവെള്ളരി അടക്കം പൊട്ടി നശിക്കും. മുൻ വർഷത്തെ അപേക്ഷിച്ച് ഇടയ്ക്കുള്ള മഴയും കടുത്ത വെയിലുമെല്ലാം കാരണം ഇത്തവണ വിളവ് കുറവാണ്. അതുകൊണ്ടുതന്നെ വിഷു അടുക്കുന്നതോടെ വെള്ളരി വില കൂടുമെന്നാണ് കർഷകർ പറയുന്നത്.