
ലക്‌നൗ: മദ്ധ്യപ്രദേശിലെ സിയോനിയിൽ പ്രത്യേക സായുധ സേന (എസ്.എ.എഫ്) ജവാൻമാർ സഞ്ചരിച്ച ബസ് കാറുമായി കൂട്ടിയിടിച്ച് മൂന്ന് പേർക്ക് ദാരുണാന്ത്യം. കാറിലുണ്ടായിരുന്നവരാണ് മരിച്ചത്. 26 പേർക്ക് പരിക്കേറ്റു. ഒരു ജവാന്റെ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അദ്ദേഹത്തെ മഹാരാഷ്ട്ര നാഗ്പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. സിയോനി-മണ്ട്ല സംസ്ഥാന പാതയിൽ ധനഗധ ഗ്രാമത്തിന് സമീപം പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. സംസ്ഥാന പൊലീസിന്റെ 35-ാം ബറ്റാലിയൻ എസ്.എ.എഫിൽ നിന്നുള്ള ഉദ്യോഗസ്ഥരുമായി മണ്ട്ലയിൽ നിന്ന് പാണ്ഡുർനയിലേക്ക് പോകുകയായിരുന്നു ബസ്. ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരുമായി സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കൂട്ടിയിടിച്ചതിന് പിന്നാലെ ജവാന്മാർ സഞ്ചരിച്ച ബസ് തലകീഴായി മറിഞ്ഞു. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ ചികിത്സയിലാണ്.