raipur

റായ്‌പൂർ: ദിവസങ്ങളായി തുടർന്നുവരുന്ന മാവോയിസ്റ്രു വിരുദ്ധ ഓപ്പറേഷനിടെ മൂന്ന് മാവോയിസ്റ്റുകളെ കൂടി വധിച്ചു. തെലങ്കാനയുമായി അതിർത്തി പങ്കിടുന്ന ബീജാപൂർ ജില്ലയിലെ വനമേഖലയിൽ നടന്ന ഏറ്റുമുട്ടലിനിടെയാണ് വധിച്ചത്. തെലങ്കാനയിലെ മാവോയിസ്റ്ര് വിരുദ്ധ സേനയായ ഗ്രേഹൗണ്ട്സിന്റെ സംഘം നടത്തിയ ഓപ്പറേഷനിടെ പൂജാരി കങ്കർ വനത്തിൽ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു.

ഛത്തീസ്ഗഢ് പൊലീസ് സംഘവും വനത്തിലുണ്ടായിരുന്നു. കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ ആരൊക്കെയെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മേഖലയിൽ തുടർ നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്ത് നിന്ന് എ.കെ 47 ഉൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്. ഈ ആഴ്‌ച ബിജാപൂർ മേഖലയിൽ മാത്രം 13 മാവോയിസ്റ്റുകളെയാണ് വധിച്ചത്. ലോക്‌സഭാ തിര‌ഞ്ഞെടുപ്പ് കൂടി അടുത്ത പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് പ്രദേശം. വെള്ളിയാഴ്ച ദന്തേവാഡയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു മാവോയിസ്റ്റിനെ വധിച്ചു. ഇതോടെ ഈ വർഷം ഏഴ് ജില്ലകളിലായി വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ വധിച്ച മാവോയിസ്റ്റുകളുടെ എണ്ണം 50 ആയി. ഒരാഴ്ചയ്ക്കിടെ സുക്മ, ബിജാപൂർ, ദന്തേവാഡ എന്നിവിടങ്ങളിൽ നടന്ന ഏറ്റുമുട്ടലിൽ 23 മാവോയിസ്റ്റുകളെയാണ് വധിച്ചത്.