
പാട്ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ആർ.ജെ.ഡി അദ്ധ്യക്ഷൻ ലാലു പ്രസാദ് യാദവിന് മദ്ധ്യപ്രദേശിൽ നിന്ന് അറസ്റ്റ് വാറണ്ട്. ഗ്വാളിയറിലെ എം.പി– എം.എൽ.എ പ്രത്യേക കോടതിയിൽ 26 വർഷമായി നിലവിലുള്ള ആയുധ നിയമ കേസിലാണ് അറസ്റ്റ് വാറണ്ട്. കോടതിയിൽ 1998ൽ കുറ്റപത്രം സമർപ്പിച്ചെങ്കിലും ലാലു യാദവിനു വേണ്ടി അഭിഭാഷകർ ഹാജരായിരുന്നില്ല.
കേസിൽ പ്രതിയായ അനധികൃത ആയുധ വിൽപനക്കാരനായ രാജ് കുമാർ ശർമ്മയുടെ മൊഴി അനുസരിച്ചാണ് ലാലു യാദവിനെ പ്രതി ചേർത്തിട്ടുള്ളത്. ഗ്വാളിയറിലെ ആയുധക്കച്ചവടക്കാരിൽ നിന്നു വാങ്ങിയ തോക്കുകൾ ബീഹാറിൽ ലാലു യാദവിനു മറിച്ചു വിറ്റെന്നായിരുന്നു മൊഴി.