ന്യൂയോർക്ക്: അത്യപൂർവമായ സമ്പൂർണ സൂര്യഗ്രഹണം നാളെ. യു.എസ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ പൂർണമായും ദൃശ്യമാകും.

ഇന്ത്യ അടക്കം മിക്ക ഏഷ്യൻ രാജ്യങ്ങളിലും കാണാനാകില്ല. പൂർണ ഗ്രഹണം 4 മിനി​റ്റും 28 സെക്കൻഡും നീണ്ടുനിൽക്കും.

സൂര്യഗ്രഹണം നിരീക്ഷിക്കാനും ഭൂമിയിലുണ്ടാകുന്ന മാറ്റങ്ങൾ പഠിക്കാനും നാസ അടക്കമുള്ള സ്പേസ് ഏജൻസികൾ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഗ്രഹണം നാസ തത്സമയം സംപ്രേക്ഷണം ചെയ്യും.

 സൂര്യഗ്രഹണം

ചന്ദ്രൻ ഭൂമിക്കും സൂര്യനുമിടയിലൂടെ കടന്നു പോകുമ്പോൾ സൂര്യഗ്രഹണം സംഭവിക്കുന്നു.ചന്ദ്രൻ സൂര്യൻ പൂർണമായോ ഭാഗികമായോ മറയ്ക്കാം. ഭാഗികമായി മറയ്ക്കപ്പെടുന്ന ( സൂര്യന്റെ പുറം വലയം ദൃശ്യമാകും) ഗ്രഹണങ്ങൾ സാധാരണമാണ്. സൂര്യൻ പൂർണമായും മറയ്ക്കപ്പെടുമ്പോൾ സമ്പൂർണ സൂര്യഗ്രഹണം സംഭവിക്കുന്നു. സമ്പൂർണ ഗ്രഹണം ദൃശ്യമാകുന്ന ഇടങ്ങളിൽ പുലർച്ചെയും സന്ധ്യയ്ക്കും കാണപ്പെടും പോലെ ആകാശം ഇരുളും.

 ആർക്ക് കാണാം ?​

പൂർണം - യു.എസിൽ ടെക്സസ് മുതൽ മെയ്ൻ വരെയുള്ള സംസ്ഥാനങ്ങളിൽ, മെക്സിക്കോ, കാനഡ

ഭാഗികം - യു.എസിന്റെ മറ്റ് ഭാഗങ്ങൾ, കൊളംബിയ, വെനസ്വേല, പടിഞ്ഞാറൻ ബ്രിട്ടൻ, പോർച്ചുഗൽ, ഐസ്‌ലൻഡ് തുടങ്ങിയവയുടെ ഭാഗങ്ങൾ

 എപ്പോൾ ?​

ഇന്ത്യൻ സമയം നാളെ രാത്രി 9.13 മുതൽ ചൊവ്വാഴ്ച പുലർച്ചെ 2.22 വരെ

 കാനഡയിൽ 1979നും മെക്സിക്കോയിൽ 1991നും യു.എസിൽ 2017നും ശേഷം ദൃശ്യമാകുന്ന ആദ്യ സമ്പൂർണ സൂര്യഗ്രഹണം

 അടുത്ത സമ്പൂർണ സൂര്യഗ്രഹണം 2026 ഓഗസ്റ്റ് 12ന്. ഇത് ആർക്‌ടിക് മേഖലയിലാണ് പൂർണമായും ദൃശ്യമാവുക

 അവസാന സമ്പൂർണ സൂര്യഗ്രഹണം - 2021 ഡിസംബർ 4ന്. ഇത് അന്റാർട്ടിക്കയിൽ മാത്രമാണ് പൂർണമായും ദൃശ്യമായത്

 ഇക്കൊല്ലത്തെ വാർഷിക സൂര്യഗ്രഹണം - ഒക്ടോബർ 2ന്