pic

ടെഹ്‌റാൻ: ഗാസ യുദ്ധം പശ്ചിമേഷ്യയിലേക്ക് ആളിപ്പടരുമെന്ന ഭീതി വിതച്ച് ഇസ്രയേലിനെതിരെ ആക്രമണ ഭീഷണി മുഴക്കി ഇറാനും ഹിസ്ബുള്ളയും രംഗത്ത്. കഴിഞ്ഞ തിങ്കളാഴ്ച സിറിയയുടെ തലസ്ഥാനമായ ഡമാസ്കസിലുള്ള ഇറാൻ കോൺസുലേറ്റ് ഇസ്രയേൽ വ്യോമാക്രമണത്തിൽ തകർത്തിരുന്നു.

ഇതിന്റെ പ്രതികാരമായി പ്രത്യാക്രമണം ഉടൻ ഉണ്ടാകുമെന്നും യു.എസ് ഇടപെടാതെ മാറിനിൽക്കണമെന്നും ഇറാൻ അറിയിച്ചു. എന്നാൽ,​ ഇസ്രയേലിനുള്ളിൽ ആക്രമണം നടത്തുമെന്ന് ഇറാൻ പ്രഖ്യാപിച്ചിട്ടില്ല. ഇസ്രയേലിനെതിരെ യുദ്ധത്തിന് തയാറാണെന്നാണ് ഇറാന്റെ പിന്തുണയുള്ള ലെബനനിലെ ഹിസ്ബുള്ള ഗ്രൂപ്പിന്റെ പ്രഖ്യാപനം. വിഷയത്തിൽ ഇടപെടാൻ വരരുതെന്ന് യു.എസിന് രേഖാമൂലമുള്ള സന്ദേശം അയച്ചതായി ഇറാനിയൻ പ്രസിഡന്റിന്റെ വക്താവ് മുഹമ്മദ് ജാംഷിദി പറഞ്ഞു. തങ്ങളുടെ കേന്ദ്രങ്ങളെ ലക്ഷ്യമാക്കരുതെന്ന് യു.എസിന്റെ മറുപടി ലഭിച്ചെന്നും ജാംഷിദി വ്യക്തമാക്കി. എന്നാൽ, വാദത്തോട് യു.എസ് പ്രതികരിച്ചിട്ടില്ല. ഇറാന്റെ നീക്കങ്ങളിൽ ഇടപെടില്ലെന്നും എന്നാൽ ഇസ്രയേലിന്റെ പ്രതികരണം അനുസരിച്ച് മറ്റൊരു ഘട്ടത്തിലേക്കാകും മേഖല കടക്കുക എന്നും ഹിസ്ബുള്ള നേതാവ് ഹസൻ നസ്രുള്ള പറഞ്ഞു.

കോൺസുലേറ്റ് ആക്രമണത്തിൽ ഇറാൻ റെവല്യൂഷനറി ഗാർഡിലെ രണ്ട് മുതിർന്ന ജനറൽമാർ അടക്കം 13 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിൽ ഹമാസിനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇസ്രയേൽ സിറിയയിൽ നിരവധി വ്യോമാക്രമണങ്ങൾ നടത്തിയിരുന്നു. ഹമാസിനെ പിന്തുണയ്ക്കുന്ന ഇറാൻ അനുകൂല ഗ്രൂപ്പുകളെയോ ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളെയോ ആണ് ലക്ഷ്യമാക്കിയിട്ടുള്ളത്.

 ജാഗ്രതയിൽ യു.എസ്

ഇസ്രയേൽ കേന്ദ്രങ്ങളെ ഇറാൻ ലക്ഷ്യമാക്കാൻ ഒരുങ്ങുന്നെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതയിലാണ് യു.എസ്. മേഖലയിലുള്ള തങ്ങളുടെ സൈനിക ബേസുകൾക്ക് നേരെയുള്ള ആക്രമണ സാദ്ധ്യത കണക്കിലെടുത്ത് യു.എസ് തയാറെടുപ്പുകൾ തുടങ്ങിയെന്നാണ് സൂചന. ഇസ്രയേലിനുള്ളിൽ ഇറാൻ ആക്രമണം നടത്തിയാൽ പ്രധാനമായും സൈനിക, ഇന്റലിജൻസ് കേന്ദ്രങ്ങളെ ആകാം ലക്ഷ്യമാക്കുകയെന്നാണ് വിലയിരുത്തൽ.

 തയാറെടുത്ത് ഇസ്രയേൽ

 സൈനികരുടെ ലീവുകൾ റദ്ദാക്കി

 റിസേർവ് സൈനികരെ സജ്ജമാക്കുന്നു

 വ്യോമപ്രതിരോധ സംവിധാനങ്ങൾ ശക്തമാക്കി

 ശത്രു ഡ്രോണുകളും മിസൈലുകളും തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് ജി.പി.എസ് നാവിഗേഷൻ സേവനങ്ങൾക്ക് നിയന്ത്രണം