
പണം നൽകിയുള്ള ഇടപാടുകളെക്കാൾ ഇപ്പോൾ ഏതൊരാൾക്കും എളുപ്പം യുപിഐ പേയ്‌മെന്റുകളാണ്. ഗൂഗിൾപേയിലോ, ഫോൺപേയിലോ ഒക്കെ വഴി പണം കടം വാങ്ങുകയും കടം വീട്ടുകയുമെല്ലാം നമ്മൾ ദിവസേന ചെയ്യുന്ന കാര്യമാണ്. പണം അധികം കൈയിൽ വയ്‌ക്കാതെ ചെറുതോ വലുതോ ആയ പണമിടപാടുകൾ നടത്താം എന്നതാണ് ഓൺലൈൻ പണമിടപാടുകളുടെ ഗുണം. ഒന്നോ രണ്ടോ രൂപ മുതൽ വലിയ തുകകൾ വരെ ഒറ്റതവണയോ പലതവണയോ ആയി അയക്കാൻ കഴിയും.
എന്നാൽ ഇപ്പോൾ ഒരു പ്രത്യേകതരം യുപിഐ പണമിടപാടിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. സാധാരണ സ്‌മാർട്ഫോണിൽ ഇടപാട് നടത്തുന്നതിന് പകരം ഇത് പഴയതരം കീപാഡ് ഫോണിലാണ് ഇടപാട് നടത്തുന്നത്. കീപാഡ് ഫോണിലെ ബട്ടൺ അമർത്തി ഒരു ക്യൂ ആർ കോഡ് സ്‌കാൻ ചെയ്യാൻ എടുക്കുകയും സ്‌കാൻ ആന്റ് പേ ഓപ്‌ഷൻ അമർത്തി സ്‌കാൻ ചെയ്‌ത് പണം അയക്കുന്നതുമാണ് വീഡിയോയിൽ കാണുന്നത്.
ദി സർകാസം വേൾഡ് എന്ന ഇൻസ്റ്റാ ആക്കൗണ്ടിലൂടെ പ്രചരിക്കുന്ന വീഡിയോയിൽ പലരും ഇതിന്റെ വസ്‌തുത പരിശോധിക്കുന്നുണ്ട്. എങ്ങനെ ഇത്തരത്തിൽ സാദ്ധ്യമാകും എന്നാണ് പലരും പറയുന്നത്. വീഡിയോയുടെ ആധികാരികതയിൽ ചിലർ സംശയിക്കുന്നു.എന്നാൽ നോക്കിയ 106 എന്ന കീപാഡ്ഫോണാണ് ഉപയോഗിക്കുന്നത് എന്നും ചിലർ പറയുന്നുണ്ട്. ബിൽറ്റ് ഇൻ യുപിഐ ഉള്ള ഫോണാണിത്. രാജ്യത്ത് നിരവധി പേർ ഉപയോഗിക്കുന്ന ഫോൺ ആണിത്.